സ്മൃതി മന്ദാനയ്‌ക്ക് ലോകം മുഴുവൻ ആരാധകരുണ്ട്. എന്നാൽ ശ്രീലങ്കയെ തകർത്ത് ഇന്ത്യ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ വേദിയിലെ സ്‌കീനിൽ തെളിഞ്ഞ ചൈനക്കാരനായ മന്ദാനയുടെ ഒരു ആരാധകനാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. വേദിയിൽ ‘മന്ദാന ദ ഗോഡസ്’ എന്ന അടിക്കുറിപ്പോടെ ഒരു ചൈനീസ് യുവാവ് അഭിമാനത്തോടെ ഉയർത്തിപ്പിടിച്ച ഒരു പോസ്റ്ററാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ. 1200 കിലോ മീറ്റർ സഞ്ചരിച്ചാണ് ജുൻ യു ക്രിക്കറ്റ് മത്സരം കാണാനായി ഹാങ്്‌ചോവിലെത്തിയത്. സച്ചിൻ തെണ്ടുൽക്കർ, വിരാട് കോഹ്ലി, സ്മൃതി മന്ദാന ഇവരിലൂടെയാണ് ഞാൻ ക്രിക്കറ്റിനെ സ്‌നേഹിച്ച് തുടങ്ങിയത്. ഞാൻ മൂവരുടെയും ആരാധകനാണെന്ന് യു പറഞ്ഞു.
2019ലെ ലോകകപ്പിലെ ജസ്പ്രീത് ബുമ്രയുടെ പ്രകടനം എന്നെ അത്ഭുതപ്പെടുത്തി. അന്ന് ഓസ്‌ട്രേലിയക്കെതിരെയുളള ബുമ്രയുടെ പ്രകടനം ഇപ്പോഴും എന്റെയുള്ളിലുണ്ട്. രോഹിത് ശർമ്മയും വിരാട് കോഹ്ലിയുമാണ് ഇപ്പോഴത്തെ ക്രിക്കറ്റ് ഇതിഹാസങ്ങൾ. സൂര്യകുമാർ യാദവും ജസ്പ്രീത് ബുമ്രയും ഇപ്പോൾ ഇന്ത്യൻ ക്രിക്കറ്റിൽ മികച്ച പ്രകടനം കാഴ്ച വയ്‌ക്കുന്നവരാണ്. പിടിഐയോട് യു വ്യക്തമാക്കി.
ബെയ്ജിംഗിലെ യൂണിവേഴ്‌സിറ്റിയിൽ നിന്ന് നിന്നാണ് യു ക്രിക്കറ്റിനെ കുറിച്ച് പഠിച്ചത്. ചൈനയിൽ ക്രിക്കറ്റിന് വലിയ രീതിയിലുളള പ്രചാരമില്ല. പക്ഷേ ക്രിക്കറ്റ കളിക്കാനുളള കുറച്ച് വേദികളും ഇവിടെയുണ്ട്. ക്രിക്കറ്റ് കളിക്കുന്നത് എങ്ങനെയെന്ന് പോലും പലർക്കും അറിയില്ല. ഗ്വാങ്ഷൗവിൽ മാത്രമാണ് സ്ഥിരമായ ക്രിക്കറ്റ് സ്റ്റേഡിയമുള്ളത്. എനിക്ക് താത്പര്യമുണ്ടെങ്കിൽ പോലും ഞാൻ ക്രിക്കറ്റ് കളിക്കില്ല. ശരിയായ രീതിയിലുളള ഗ്രൗണ്ട് പോലും ഇവിടെയില്ല. ഏഷ്യൻ ഗെയിംസിന്റെ വേദിപോലും മുമ്പ് പൂന്തോട്ടമായിരുന്നു.് ഏഷ്യൻ ഗെയിംസിന് വേണ്ടി അതിനെ കിക്കറ്റ് മൈതാനമാക്കി മാറ്റുകയായിരുന്നു.- അദ്ദേഹം പറഞ്ഞു.















