അമൃത്‌സർ: പഞ്ചാബിൽ വൻ മയക്കു മരുന്ന് വേട്ട. രണ്ട് കുപ്പികളിലായി കടത്താൻ ശ്രമിച്ച 700 ഗ്രാം ഹെറോയിൻ പിടികൂടി. കേസുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പഞ്ചാബിലെ ഡാവോക്കയിലാണ് മാരക മയക്കുമരുന്ന് പിടികൂടിയത്. അതിർത്തി സുരക്ഷാ സേനയും ( ബിഎസ്‌എഫും ) പഞ്ചാബ് പോലീസും സഹകരിച്ച് നടത്തിയ ഓപ്പറേഷനിലാണ് പ്രതി പിടിയിലായത്.
ഇന്നലെ ഉച്ചയോടെയാണ് സംഭവം. വില്ല്-ഡോക്കിനടുത്ത് രണ്ട് പ്രതികളെ ബിഎസ്എഫും പഞ്ചാബ് പോലീസും നിരീക്ഷിച്ച് വരികയായിരുന്നു. പോലീസിനെ കണ്ടതോടെ പ്രതികൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. പ്രതികളെ പിന്തുടർന്ന പോലീസ് ഒരാളെ പിടികൂടി. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് രണ്ട് കുപ്പി ഹെറോയിൻ പിടികൂടിയത്. ഡാവോക്ക് ഗ്രാമത്തിലെ കൃഷിയിടത്തിൽ നിന്നാണ് 700 ഗ്രാമിന്റെ ഹെറോയിൻ കണ്ടെടുത്തതെന്ന് ബിഎസ്എഫ് പറഞ്ഞു.
സെപ്റ്റംബർ 24 ന് 12 കിലോ ഹെറോയിനും 19.3 ലക്ഷം രൂപയുമായി രണ്ട് പേരെ പിടികൂടിയതായി പഞ്ചാബ് പോലീസ് പറഞ്ഞു. ഗുർദാസ്പൂർ പോലീസിന്റെയും അതിർത്തി രക്ഷാ സേനയുടെയും സംയുക്ത ഓപ്പറേഷനിലാണ് മയക്കുമരുന്ന് പിടികൂടിയത്. ഡ്രോണുകൾ ഉപയോഗിച്ചാണ് പാകിസ്താനിൽ നിന്ന് മയക്കുമരുന്ന് കടത്തുന്നതെന്നും പോലീസ് വ്യക്തമാക്കി.















