ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ പിരാന്‍ കാളിയാര്‍ ഷരീഫിലെ ഉറൂസിന് തുടക്കമായി. ഉറൂസ് ആഘോഷിക്കാനായെത്തുന്ന വിശ്വാസികൾക്ക് ഗംഗാജലവും ഗീതയും സമ്മാനിക്കും. ബംഗ്ലാദേശ്, പാകിസ്താന്‍, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നടക്കം ലക്ഷക്കണക്കിന് തീർത്ഥാടകരാണ് ഇവിടെ എത്തുന്നത്. തീർത്ഥാടനത്തിന്റെ ഭാഗമായി പാകിസ്താനിൽ നിന്നുള്ള 110 വിശ്വാസികൾ റൂര്‍ക്കിയിലെത്തിയതായി വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ഷദാബ് ഷംസ് പറഞ്ഞു.
ഹസ്രത്ത് സാബിര്‍ മഖ്ദൂം ഷായുടെ 755-ാമത് ഉറൂസിൽ സാഹോദര്യത്തിന്റെ സന്ദേശം പകരുന്നതിന്റെ ഭാഗമായാണ് ഗീതയും ഗംഗാജലവും നൽകാൻ തീരുമാനിച്ചിരിക്കുന്നത്. എല്ലാവർഷവും ഉറൂസ് നടത്താറുണ്ടെങ്കിലും ആദ്യമായാണ് ഭഗവദ്ഗീതയും ഗംഗാജലവും നൽകുന്നത്.
എല്ലാ രാജ്യങ്ങളും ഒരുമിച്ചുചേര്‍ന്ന് ലോകത്തിന്റെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കണമെന്ന ആഹ്വാനമാണ് ഉറൂസ് മുന്നോട്ടുവയ്‌ക്കുന്നതെന്നും വസുധൈവ കുടുംബകം എന്നതാണ് ലോകമാകെ മുഴങ്ങുന്ന ആശയമെന്നും ഷദാബ് ഷംസ് പറഞ്ഞു. ചതുര്‍ധാമങ്ങളുടെ നാടായ ഉത്തരാഖണ്ഡിലെ മറ്റൊരു അന്താരാഷ്‌ട്ര തീർത്ഥാടന കേന്ദ്രമാണ് കാളിയാര്‍ ഷരീഫെന്നും വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പറഞ്ഞു.















