ബാഗ്ദാദ്: വടക്കൻ ഇറാഖിലെ വിവാഹ സൽക്കാര വേദിയ്‌ക്ക് തീപിടിച്ച് മരിച്ചവരുടെ എണ്ണം 120 കടന്നു. 200 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. വധൂവരന്മാർ ഉൾപ്പെടെ പൊള്ളലേറ്റ് ചികിത്സയിലാണ്. വടക്കൻ ഇറാഖിലെ നീ നവേ പ്രവിശ്യയുടെ ഭാഗമായ, അൽഹംദനിയയിൽ ആണ് വിവാഹ വേദിയ്‌ക്ക് തീപിടിച്ചത്.
ആഘോഷങ്ങൾക്കിടെ പൊട്ടിച്ച പടക്കങ്ങളിൽ നിന്നും തീ പടർന്നു പിടിക്കുകയായിരുന്നു. പെട്ടെന്ന് തീപിടിക്കുന്ന കെട്ടിട നിർമ്മാണ സാമഗ്രികൾ ഉപയോഗിച്ച് നിർമ്മിച്ച ഹാളിൽ അതിവേഗം തീ പടർന്നു. ഹാളിൽ നിന്ന് പുറത്തു കടക്കാൻ മതിയായ സൗകര്യങ്ങൾ ഇല്ലാത്തതും അപകടത്തിന്റെ തീവ്രത വർദ്ധിപ്പിച്ചു.
കെട്ടിടത്തിന്റെ താൽക്കാലിക മേൽതട്ടുകൾ ഉൾപ്പെടെ തകർന്നുവീണത് രക്ഷാപ്രവർത്തനം ദുഷ്‌കരമാക്കിയെന്നും കെട്ടിട നിർമ്മാണത്തിൽ ഗുരുതര വീഴ്ചകൾ ഉള്ളതായും ഇറാഖ് അഗ്‌നിശമനസേന അറിയിച്ചു. മരണസംഖ്യ വീണ്ടും ഉയരാനുള്ള സാദ്ധ്യതയും നിലനിൽക്കുന്നുണ്ട്.















