എറണാകുളം: 2018 ചലച്ചിത്രം ഓസ്കാർ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുത്തതിൽ സന്തോഷവും അഭിമാനവുമെന്ന് സംവിധായകൻ ജൂഡ് ആൻറണി. ഈ നേട്ടം പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 2018 എവരിവണ്‍ ഈസ് എ ഹീറോ’ ഓസ്‌കറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുത്തതിന് ശേഷം പ്രതികരിക്കുകയായിരുന്നു ജൂഡ് ആൻറണി.
പ്രളയകാലത്തെ സമൂഹത്തിന്റെ അവസ്ഥ ഉൾക്കൊണ്ടാണ് 2018 ചെയ്തത്. സിനിമയുമായി ബന്ധപ്പെട്ട് ഉയർന്നിരുന്ന വിവാദങ്ങൾ കാര്യമാക്കുന്നില്ലെന്നും ജൂഡ് ആൻറണി പറഞ്ഞു. പ്രളയകാലം ചിത്രീകരിച്ച സിനിമയോട് നീതി പുലർത്താനായെന്ന് ചിത്രത്തിന്റെ ഛായാഗ്രാഹകൻ അഖിൽ ജോർജും വ്യക്തമാക്കി .
മികച്ച അന്താരാഷ്‌ട്ര ചിത്രം എന്ന വിഭാഗത്തിലാണ് ‘2018’ സിനിമ മത്സരിക്കുന്നത്. ഗിരീഷ് കർണാട് നയിക്കുന്ന കമ്മിറ്റിയാണ് ചിത്രം തിരഞ്ഞെടുത്തത്. കേരളം നേരിട്ട മഹാപ്രളയമാണ് ചിത്രത്തിന്റെ പ്രമേയം. ടൊവിനൊ തോമസ്, ആസിഫ് അലി കുഞ്ചാക്കോ ബോബൻ, തുടങ്ങിയര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് 2018.















