ന്യൂഡൽഹി: ഭക്ഷണ സാധനങ്ങൾ ന്യൂസ്‌പേപ്പറിൽ പൊതിയരുതെന്ന് FSSAI (ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ). രാജ്യത്തുടനീളമുള്ള ഉപഭോക്താക്കളോടും ഭക്ഷണ വിതരണക്കാരോടും സാധനങ്ങൾ പാക്കുചെയ്യുന്നതിനും വിളമ്പുന്നതിനും സംഭരിക്കുന്നതിനും പത്രങ്ങൾ ഉപയോഗിക്കുന്നത് നിർത്തണമെന്നാണ് എഫ്എസ്എസ്ഐ നിർദ്ദേശിക്കുന്നത്. എണ്ണയിൽ വറുത്തെടുക്കുന്ന പല ഭക്ഷ്യവസ്തുക്കളും ന്യൂസ് പേപ്പറിൽ പൊതിഞ്ഞ് വെക്കുന്നതിനെയാണ് എഫ്എസ്എസ്ഐ എതിർത്തിരിക്കുന്നത്.
പത്രങ്ങളിൽ ഉപയോഗിക്കുന്ന മഷിയിൽ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന വിവിധ ബയോ ആക്ടീവ് വസ്തുക്കൾ അടങ്ങിയിരിക്കുന്നു. ഇത് ഭക്ഷണത്തെ മലിനമാക്കുന്നു. ഇത്തരം ആഹാര പദാർത്ഥങ്ങൾ കഴിക്കുമ്പോൾ ആരോഗ്യപ്രശ്‌നങ്ങളുണ്ടാവുകയും ചെയ്യുന്നു. പ്രിന്റിംഗ് മഷികളിൽ ലെഡ്, ഹെവി മെറ്റലുകൾ എന്നിവങ്ങനെയുള്ള രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടാകാം. അത് ഭക്ഷണത്തിലേക്ക് ഒലിച്ചിറങ്ങുകയും കാലക്രമേണ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്ടിക്കുകയും ചെയ്യുമെന്ന് എഫ്എസ്എസ്എഐ അറിയിച്ചു.
ഫുഡ് സേഫ്റ്റി ആൻഡ് റെഗുലേഷന്റെ 2018ലെ ഉത്തരവ് പ്രകാരം ഭക്ഷണ സാധനങ്ങൾ പൊതിയാനും സൂക്ഷിക്കാനും ന്യൂസ് പേപ്പർ ഉപയാേഗിക്കുന്നത് കർശനമായി നിരോധിച്ചിരുന്നു. കച്ചവടക്കാർ ഉപഭോക്താക്കളുടെ ക്ഷേമത്തെ മുൻനിർത്തി ഉത്തരവാദിത്തബോധത്തോടെ ഭക്ഷ്യവസ്തുക്കൾ പാക്ക് ചെയ്ത് നൽകേണ്ടതുണ്ടെന്നും എഫ്എസ്എസ്എഐ വ്യക്തമാക്കി.















