ഇതിഹാസ ഗായിക ലതാ മങ്കേഷ്‌കറുടെ ജന്മദിനത്തിൽ സ്മരണാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ലതാ മങ്കേഷ്‌കറുടെ ആത്മാർത്ഥമായ സംഗീതാവതരണങ്ങൾ ദീർഘകാലം നീണ്ടുനിൽക്കുന്നതാണെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
ഇന്ത്യൻ സംസ്‌കാരത്തിൽ പ്രത്യേക സ്ഥാനം നിലനിർത്താൻ എക്കാലവും ലതാ മങ്കേഷ്‌കറിന് സാധിച്ചു. അവരുടെ സംഭാവനകൾ നിത്യമായ സ്വാധീനം സൃഷ്ടിക്കുകയാണ് ഇതിഹാസ ഗായികയെ അനുസ്മരിച്ച് കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.
1929 സെപ്തംബർ 28-ന് ജനിച്ച ലതാ മങ്കേഷ്‌കർ സംഗീതത്തിന് നൽകിയ സംഭാവനകൾ അവിസ്മരണീയമാണ്. രാജ്യത്തിന്റെ എല്ലാ കോണിലും ലതാ മങ്കേഷ്‌കറുടെ ശബ്ദം പ്രതിധ്വനിച്ചു. ‘നൈറ്റിംഗേൽ ഓഫ് ഇന്ത്യ’എന്നാണ് ലതാ മങ്കേഷ്‌കർ അറിയപ്പെട്ടിരുന്നത്. സംഗീത ജീവിതത്തിൽ നിരവധി അവാർഡുകളും ബഹുമതികളും നേടിയെടുത്തു. 2001-ൽ ഭാരതരത്‌നം പുരസ്‌കാരം ലഭിച്ചു.
മൂന്ന് ദേശീയ ചലച്ചിത്ര അവാർഡുകൾ, 15 ബംഗാൾ ഫിലിം ജേർണലിസ്റ്റ്സ് അസോസിയേഷൻ അവാർഡുകൾ, നാല് ഫിലിംഫെയർ വനിതാ പിന്നണി അവാർഡുകൾ, രണ്ട് ഫിലിംഫെയർ സ്പെഷ്യൽ അവാർഡുകൾ, ഫിലിംഫെയർ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് എന്നിവയും നേടി. 2022 ഫെബ്രുവരി ആറിന് ലതാ മങ്കേഷ്‌കർ അന്തരിച്ചുവെങ്കിലും ഹൃദ്യമായ ഒട്ടനവധി ഗാനങ്ങളിലൂടെ ആരാധകരുടെ ഹൃദയങ്ങളിൽ അവർ ഇന്നും ജീവിക്കുന്നു.