റാഞ്ചി: ഝാർഖണ്ഡിൽ കമ്യൂണിസ്റ്റ് ഭീകരരുമായുള്ള(നക്സൽ) ഏറ്റുമുട്ടലിൽ ജവാന് വീരമൃത്യു. വെസ്റ്റ് സിംഗ്ഭും ജില്ലയിൽ സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് (സിആർപിഎഫ്) കോബ്ര ബറ്റാലിയൻ 209-ലെ ജവാനാണ് വീരമൃത്യു വരിച്ചത്. ഏറ്റുമുട്ടലിൽ ഒരു ജവാന് പരിക്കേൽക്കുകയും ചെയ്തു.
തുംബഹാക, സർജോംബുരു ഗ്രാമങ്ങൾക്ക് സമീപമുള്ള വനപ്രദേശത്ത് കമ്യൂണിസ്റ്റ് ഭീകരർ സ്ഥാപിച്ച ഐഇഡി പൊട്ടിത്തെറിച്ചാണ് അപകടം. രാജേഷ് കുമാർ എന്ന ജവാനാണ് വീരമൃത്യു വരിച്ചത്. ഇൻസ്പെക്ടർ ഭൂപേന്ദറിനാണ് പരിക്കേറ്റത്. കമ്യൂണിസ്റ്റ് ഭീകരരെ കണ്ടെത്തുന്നതിനായി നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് ആക്രമണം ഉണ്ടായത്.
സ്‌ഫോടനത്തിൽ പരിക്കേറ്റ ഉദ്യോഗസ്ഥരെ വിമാനമാർഗം റാഞ്ചിയിൽ ചികിത്സയ്‌ക്കായി എത്തിച്ചിരുന്നു. ചികിത്സയ്‌ക്കിടെയാണ് കോൺസ്റ്റബിൾ രാജേഷ് മരണത്തിന് കീഴടങ്ങിയത്. ജാർഖണ്ഡ് പോലീസ് ഐജി അമോൽ വിനുകാന്ത് ഹോംകറാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഭൂപേന്ദറിന്റെ ആരോഗ്യനില തൃപ്‌തികരമാണെന്നും അദ്ദേഹം പറഞ്ഞു. പ്രദേശത്ത് സേനയുടെ സംയുക്ത ഓപ്പറേഷൻ നടക്കുകയാണ്.















