ഒട്ടാവ: ഇന്ത്യയുമായി അടുത്ത ബന്ധം സ്ഥാപിക്കാൻ കാനഡ എപ്പോഴും പ്രതിജ്ഞാബദ്ധമാണെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പ്രതിസന്ധിയിൽ തുടരവെയാണ് പ്രതികരണവുമായി കനേഡിയൻ പ്രധാനമന്ത്രി രംഗത്തെത്തിയിരിക്കുന്നത്. വിദേശ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
‘ലോകവേദിയിൽ ഇന്ത്യയുടെ പ്രധാന്യം കണക്കിലെടുത്ത് ഇന്ത്യയുമായുള്ള കാനഡയുടെ സഹകരണം വളരെ പ്രധാനപ്പെട്ടതാണ്. വളരുന്ന സാമ്പത്തിക ശക്തിയാണ് ഇന്ത്യ. ഇന്ത്യയുമായി അടുത്ത ബന്ധം കെട്ടിപ്പടുക്കാനാണ് കാനഡ ഇപ്പോൾ ലക്ഷ്യമിടുന്നത്. ഇന്ത്യ ഉൾപ്പെടെയുള്ള ഞങ്ങളുടെ എല്ലാ പങ്കാളികളുമായും നയപരമായും ഉത്തരവാദിത്തത്തോടെയുമാണ് ഞങ്ങൾ മുന്നോട്ട് പോകുന്നത്’ജസ്റ്റിൻ ട്രൂഡോ പറഞ്ഞു.
വിദേശകാര്യമന്ത്രി എസ് ജയശങ്കറും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആൻണി ബ്ലിങ്കനും ഇന്ന് കൂടിക്കാഴ്ച നടത്തിയിരുന്നു. അമേരിക്കൻ തലസ്ഥാനമായ വാഷിംഗ്ടണിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര വിഷയങ്ങൾ ചർച്ച ചെയ്തതായാണ് വിവരം. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്ന് ഇരു നേതാക്കളുടെയും കൂടിക്കാഴ്ചയ്‌ക്ക് ശേഷം സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റെ വക്താവ് അറിയിച്ചു.