കോട്ടയം: ബസ് ഉടമയെ മർദ്ദിച്ച സംഭവത്തിൽ തുറന്ന കോടതിയിൽ മാപ്പ് പറഞ്ഞ് സിഐടിയും നേതാവ് കെആർ അജയൻ. അമ്രിക്കപ്പെട്ട ബസുടമയോടും കോടതിയോടു നേതാവ് മാപ്പ് അപേക്ഷിച്ചു. ഇതോടെ കോടതി അലക്ഷ്യ ഹർജി ഹൈക്കോടതി തീർപ്പാക്കി.
മാപ്പേപക്ഷ സ്വീകരിക്കരുതെന്നും വെട്ടിക്കുളങ്ങര ബസുടമ രാജ്‌മോഹൻ കോടതിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി ഇത് അംഗീകരിക്കാതെ കേസ് തീർപ്പാക്കുകയായിരുന്നു. ബസ് ഉടമയുമായി ബന്ധപ്പെട്ട ക്രിമിനൽ കേസ് നിലവിലുണ്ടെന്നും അതിനാൽ കോടതിയലക്ഷ്യ നടപടി ഒഴിവാക്കണമെന്നും സത്യവാങ്മൂലത്തിലൂടെ അജയൻ ആവശ്യപ്പെട്ടിരുന്നു. കോടതിയലക്ഷ്യ കേസിൽ കക്ഷി ചേർത്ത തതിന്റെ മേൽവിലാസം മോട്ടോർ മെക്കാനിക്ക് യൂണിയൻ കോട്ടയം ജില്ലാ സെക്രട്ടറി എന്നാണ്. താൻ അത്തരമൊരു സംഘടനയുടെ ഭാരവാഹിയല്ല. നിലവിൽ തിരുവാർപ്പ് പഞ്ചായത്തംഗമാണെന്നും അജയൻ വ്യക്തമാക്കിയിരുന്നു. ഇടക്കാല ഉത്തരവ് നിലനിൽക്കെ ബസുടമ ആക്രമിക്കപ്പെട്ടതിനെ തുടർന്നാണ് ജസ്റ്റിസ് എൻ നഗരേഷ് സ്വമേധയാ കോടതിയലക്ഷ്യ കേസെടുത്ത് നടപടി സ്വീകരിച്ചത്.
ജൂൺ 25-നാണ് കേസിനാസ്പദമായ സംഭവം. തൊഴിൽ തർക്കത്തെ തുടർന്ന് തിരുവാർപ്പ്-കോട്ടയം റൂട്ടിൽ സർവീസ് നടത്തുന്ന വെട്ടിക്കുളങ്ങര ബസിൽ സിഐടിയും കൊടി കുത്തിയിരുന്നു. ഇടേ തുടർന്ന് വിമുക്ത ഭടനും സംരംഭകനുമായ രാജ് മോഹൻ ബസിന് മുന്നിൽ ലോട്ടറി വിൽപന ആരംഭിച്ചിരുന്നു. പിന്നീട് കോടതിയെ സമീപിച്ച് ബസ് സർവീസ് നടത്താൻ അനുമതി നേടി. ഇതിന്റെ ബലത്തിൽ പോലീസ് സാന്നിധ്യത്തിൽ സിഐടിയുവിന്റെ ബസിന് മുന്നിലെ കൊടിതോരണങ്ങൾ അഴിക്കാൻ രാജ്‌മോഹൻ ശ്രമിച്ചപ്പോഴാണ് സിഐടിയു നേതാവായ അജയൻ ആക്രമിച്ചത്.
പോലീസ് നോക്കി നിൽക്കേയാണ് ഇദ്ദേഹത്തിന് മർദ്ദനമേറ്റത്. സംഭവത്തിന് പിന്നാലെ ബിജെപി കുമാരകം മണ്ഡലം വൈസ് പ്രസിഡന്റായ രാജ്‌മോഹൻ കുമരകം സ്റ്റേഷനിലെത്തി പ്രവർത്തകർക്കൊപ്പം അജയനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സമരം നടത്തിയതിന് പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിടുകയായിരുന്നു.















