വാഹന വ്യവസായ മേഖലയിൽ തന്നെവലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കാനൊരുങ്ങി വാഹനനിർമാതാക്കളായ ടാറ്റാ മോട്ടോഴ്‌സ്. വാഹന പൊളിക്കൽ നയത്തിന് പൂർണ പിന്തുണ ഉറപ്പാക്കിയിരിക്കുകയാണ് ടാറ്റ. വാഹന നിർമ്മാണ രംഗത്ത് ചുവടുറപ്പിച്ചത് പോലെ തന്നെ വാഹനങ്ങളുടെ പൊളിക്കൽ മേഖലയിലും കരുത്തറിയിക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം. ഇതിന് മുന്നോടിയായി ടാറ്റ മോട്ടോഴ്‌സ് രാജ്യത്തെ മൂന്നാമത്തെ വെഹിക്കിൾ സ്‌ക്രോപ്പിംഗ് കേന്ദ്രം സൂറത്തിൽ ആരംഭിച്ചു.
റീസൈക്കിൾ വിത്ത് റെസ്‌പെക്ട് എന്ന പേരിലാണ് കേന്ദ്രം സ്ഥാപിച്ചിരിക്കുന്നത്. അത്യാധുനിക പരിസ്ഥിതി സൗഹാർദ പ്രക്രിയകളിലൂടെയാകും ഇവിടെ വാഹനങ്ങൾ പൊളിക്കുക. പ്രതിവർഷം 15,000 വാഹനങ്ങൾ വരെ പൊളിക്കുന്നതിനുള്ള ശേഷിയാണ് ഇവയ്‌ക്കുള്ളത്. ശ്രീ അംബിക ഓട്ടോയുമായി സഹകരിച്ച് സ്ഥാപിതമായിട്ടുള്ള ഈ സംവിധാനത്തിൽ എല്ലാ ബ്രാൻഡുകളുടെയും എൻഡ്-ഓഫ്-ലൈഫ് വാഹനങ്ങളും പൊളിക്കാനാകും.
ആഗോളമാനദണ്ഡങ്ങൾ പാലിക്കുന്ന തരത്തിലുള്ള റീസൈക്ലിംഗ് പ്രക്രിയയിലൂടെ പരമാവധി മാലിന്യങ്ങൾ കുറയ്‌ക്കാൻ സാധിക്കത്തക്ക വിധത്തിലാണ് സജ്ജമാക്കിയിരിക്കുന്നത്. ഇതിലൂടെ ഉപയോക്താക്കൾക്ക് മികച്ച സേവനം ഉറപ്പു വരുത്തുന്നതിനും സാമ്പത്തിക നേട്ടം കൈവരിക്കുന്നതിനും സാധിക്കുമെന്ന് ടാറ്റ പറയുന്നു. വെഹിക്കിൾ സ്‌ക്രാപ്പിംഗ് സംവിധാനത്തിലൂടെ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാധിക്കുമെന്ന് കമ്പനി വ്യക്തമാക്കി. ടയറുകൾ, ബാറ്ററികൾ, ഇന്ധനങ്ങൾ, മറ്റ് ദ്രാവകങ്ങൾ, വാതകങ്ങൾ തുടങ്ങി വാഹനങ്ങളിലെ വസ്തുക്കൾ സുരക്ഷിതമായി വേർതിരിച്ചെടുക്കാനുള്ള സംവിധാനം സ്റ്റേഷനിൽ സജ്ജമാക്കിയിട്ടുണ്ട്.















