ഏഷ്യൻ ഗെയിംസിൽ കുതിപ്പ് തുടർന്ന് ഇന്ത്യൻ വനിതാ ഹോക്കി ടീം. മലേഷ്യയെ എതിരില്ലാത്ത ആറ് ഗോളിനാണ് ഇന്ത്യൻ ടീം തകർത്തത്. മോണിക്ക , ദീപ് ഗ്രേസ് എക്ക നിഷ , വൈഷ്ണവി ഫാൽക്കെ , സംഗീത കുമാരി, ലാൽറെംസിയാമി എന്നിവർ ഓരോ ഗോൾ വീതം നേടി. ഈ ജയത്തോടെ ഇന്ത്യൻ വനിതാ ഹോക്കി ടീം പൂൾ എ-യിൽ ഒന്നാം സ്ഥാനത്തേക്ക് ഉയർന്നു.
ഇന്ത്യക്കായി മോണിക്കയാണ് ആദ്യ ഗോൾ നേടിയത്.ആദ്യപാദം പൂർത്തിയാവുമ്പോഴേക്കും ഗ്രേസ് എക്ക, നിഷ,വൈഷ്ണവി ഫാൽക്കെ എന്നിവരും വലകുലുക്കിയിരുന്നു. രണ്ടാം പാദത്തിൽ മലേഷ്യ തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും ഇന്ത്യൻ പ്രതിരോധം ഉറച്ചു നിന്നതോടെ ഒരു ഗോൾ പോലും മടക്കാനായില്ല.സംഗീതകുമാരിയിലൂടെ ഇന്ത്യ വീണ്ടും ലീഡ് ഉയർത്തി.
വനിതാ ഹോക്കി ടീമിന്റെ രണ്ടാമത്തെ വിജയാമണിത്. ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ സിംഗപ്പൂരിനെ 13 ഗോളിനാണ് ഇന്ത്യൻ ടീം തോൽപ്പിച്ചത്. ഓരോ പൂളിൽ നിന്നും ആദ്യ രണ്ട് സ്ഥാനങ്ങൾ നേടുന്ന ടീമികൾ സെമിയിൽ പ്രവേശിക്കും. ഞായറാഴ്ച കൊറിയയുമായാണ് ഇന്ത്യൻ സംഘത്തിന്റെ അടുത്ത മത്സരം.