തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട നിർണായക വെളിപ്പെടുത്തൽ നടത്തി കേസിലെ മുഖ്യപ്രതി സതീഷ് കുമാറിന്റെ അനുയായി. സതീഷ് കുമാറിന്റെ ഡ്രൈവറും വിശ്വസ്ഥനുമായ വ്യക്തിയാണ് ജനം ടി വിയോട് പ്രതികരിച്ചിരിക്കുന്നത്. സതീഷ് കുമാറിന് ഇ.പി ജയരാജനുമായി അടുത്ത ബന്ധമുണ്ടെന്നും ഇ.പി ജയരാജനുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ താനും കൂടെ പോയിട്ടുണ്ടെന്നും അദ്ദേഹം ജനം ടിവിയ്‌ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ വെളിപ്പെടുത്തി.
ഇ.പി ജയരാജനെ പല തവണ സതീഷ് കണ്ടിട്ടുണ്ട്. ഉന്നത സിപിഎം നേതാക്കളുമായും പോലീസ് ഉദ്യോഗസ്ഥരുമായും സതീഷിന് ബന്ധമുണ്ട്. സതീഷ് കുമാറിന്റെ അനിയന് വിദേശത്ത് വച്ച് പണം ബ്ലോക്ക് ആയപ്പോൾ സഹായിച്ചത് ഇ.പി ജയരാജനാണെന്നും സതീഷന് വിദേശത്ത് സൂപ്പർ മാർക്കറ്റുണ്ട്, ഇതുവഴിയും ഇടപാടുകൾ നടന്നുവെന്നും സുഹൃത്ത് വ്യക്തമാക്കി. സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതിക്ക് എൽഡിഎഫ് കൺവീനറുമായി അടുത്തബന്ധം ഉണ്ടെന്ന വെളിപ്പെടുത്തൽ തട്ടിപ്പിലെ സിപിഎമ്മിന്റെ പങ്കാണ് പുറത്തു കൊണ്ടുവരുന്നത്.
സതീഷിന് കണ്ണൂരിലെ സിപിഎം ലോബിയുമായും ഇ.പി ജയരാജനുമായും അടുത്ത ബന്ധമുണ്ടെന്ന് നേരത്തെ ബിജെപിയും ആരോപിച്ചു. ഈ ആരോപണം ശരി വയ്‌ക്കുന്നതാണ് സതീഷ് കുമാറിന്റെ അനുയായിയുടെ വെളിപ്പെടുത്തൽ. അതേസമയം, ഇഡിയുടെ ചോദ്യം ചെയ്യലിൽ തനിക്ക് വിറയൽ ഉണ്ടെന്നാണ് സിപിഎം സംസ്ഥാന സമിതി അംഗം എം.കെ. കണ്ണൻ നൽകുന്ന ഉത്തരം. വിറയൽ ഉണ്ടെന്ന് പറഞ്ഞ് കണ്ണൻ ചോദ്യം ചെയ്യലിനോട് സഹകരിച്ചില്ലെന്ന് ഇഡി പറഞ്ഞു.















