തൃശൂർ ; കരുവന്നൂർ ബാങ്ക് പ്രതിസന്ധി ഉടൻ തീർക്കുമെന്ന് സിപിഎം നേതാവും കേരള ബാങ്ക് വൈസ് ചെയർമാനുമായ എം.കെ.കണ്ണൻ. ഇതുമായി ബന്ധപ്പെട്ട് നാളെ കേരളാ ബാങ്ക് ഡയറക്ടർ ബോർഡ് യോഗം ചേരും . ഇഡിയുടെ ചോദ്യം ചെയ്യലിന് ഹാജരായതിന് ശേഷം തൃശൂരിൽ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു എം.കെ.കണ്ണൻ.
പ്രതിസന്ധി തീർക്കാൻ നിലവിൽ 30 കോടി കരുവന്നൂരിലെത്തിച്ചിട്ടുണ്ട്. 40 കോടി കൂടെയുണ്ടെങ്കിൽ പ്രതിസന്ധി മറികടക്കാനാകും. കുറെ പേരുടെ പണം നൽകാനായി. 84 കോടി ആളുകൾക്ക് നൽകിയിട്ടുണ്ട് – എം.കെ.കണ്ണൻ പറഞ്ഞു.
ഇഡിയും മാദ്ധ്യമങ്ങളും തന്നെ വേട്ടയാടുകയാണ്. നിലവിൽ ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല. പാർട്ടിയുടെ പൂർണ പിന്തുണയുണ്ട്. ചോദ്യംചെയ്യലിനിടെ കേരള ബാങ്ക് വൈസ് ചെയർമാൻ എം.കെ.കണ്ണൻ ചോദ്യങ്ങളോട് നിസ്സഹകരിച്ചതായി ഇഡി പറഞ്ഞിരുന്നു. ശരീരത്തിന് വിറയൽ അനുഭവപ്പെടുന്നെന്ന മറുപടിയെ തുടർന്നാണ് ചോദ്യംചെയ്യൽ അവസാനിപ്പിച്ചത് .















