വാഷിംഗ്ടൺ: വിദേശകാര്യ മന്ത്രി എസ് ജയശങ്കർ യുഎസ് പ്രതിരോധ വ്യവസായ മേഖലയിലെ പ്രതിനിധികളുമായി ബിസിനസ് കൗൺസിൽ യോഗം നടത്തി. യുഎസ് തലസ്ഥാനമായ വാഷിംഗ്ടൺ ഡീസിയിലാണ് പ്രത്യേക യോഗം നടന്നത്. യുഎസ്-ഇന്ത്യ പ്രതിരോധ പങ്കാളിത്തം കൂടുതൽ ശക്തമാക്കുന്നതിന് തന്ത്രപരമായുള്ള ബന്ധത്തെ കുറിച്ചും സാങ്കേതിക സഹകരണത്തെ കുറിച്ചും യോഗത്തിൽ ചർച്ച ചെയ്തു.
യുഎസ് വാണിജ്യ സെക്രട്ടറി ജിന റൈമോണ്ടോയുമായും വിദേശകാര്യമന്ത്രി കൂടിക്കാഴ്ച നടത്തിയതായി ജയശങ്കർ ട്വിറ്ററിലൂടെ അറിയിച്ചു. യുഎസും ഇന്ത്യയും തമ്മിലുള്ള സഹകരണത്തിന്റെയും സാമ്പത്തിക പങ്കാളിത്തത്തിന്റെയും ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിനെ കുറിച്ച് ഇരു നേതാക്കളും ചർച്ച ചെയ്യുകയും ധാരണയിലെത്തുകയും ചെയ്തു.
യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനുമായും ജയശങ്കർ വിശദമായ ചർച്ചകൾ നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ മന്ത്രാലയത്തിന്റെ സഹകരണത്തെ കുറിച്ചും ലോക രാജ്യങ്ങൾ നേരിടുന്ന ആഗോള സുരക്ഷാ വെല്ലുവിളികളെ കുറിച്ചും ഇരുവരും ചർച്ച ചെയ്തു.
കഴിഞ്ഞ ദിവസം യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായും ജയശങ്കർ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യ- കാനഡ നയതന്ത്ര പ്രശ്നങ്ങൾ ചർച്ചയായി. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നം പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്ന് ഇരു നേതാക്കളുടെയും കൂടിക്കാഴ്ചയ്‌ക്ക് ശേഷം സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് മാത്യുമില്ലർ അറിയിച്ചിരുന്നു.