വാഷിംഗ്ടൺ: ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം സ്ഥിരതയുള്ളതാണെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. പാശ്ചാത്യരാജ്യങ്ങളുമായുള്ള റഷ്യയുടെ ബന്ധം വഷളായതിനാൽ ഏഷ്യയിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കാൻ മോസ്‌കോ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. യുക്രെയ്ൻ-റഷ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ-റഷ്യ ബന്ധത്തെക്കുറിച്ച് മാദ്ധ്യമങ്ങൾ ഉന്നയിച്ച ചോദ്യത്തിന് വാഷിംഗ്ടൺ ഡിസിയിൽ മറുപടി നൽകുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ 70 വർഷത്തിനിടെയുണ്ടായ എല്ലാ അന്താരാഷ്‌ട്ര ബന്ധങ്ങളിലും വലിയ മാറ്റങ്ങൾ സംഭവിച്ചതായാണ് കാണുന്നത്. യുക്രെയ്ൻ-റഷ്യ സംഘർഷത്തെ തുടർന്ന് പാശ്ചാത്യരാജ്യങ്ങളുമായുള്ള റഷ്യയുടെ ബന്ധം തകർന്നു. ചരിത്രപരമായി റഷ്യ ഒരു യൂറോപ്യൻ ശക്തിയാണെങ്കിലും നിലവിലെ സാഹചര്യത്തിൽ മോസ്‌കോ ഏഷ്യയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും ജയശങ്കർ ചൂണ്ടിക്കാട്ടി. യുക്രെയ്‌നിൽ നടന്ന സംഭവവികാസങ്ങളുടെ പ്രത്യാഘാതം മൂലമാണ് റഷ്യയുടെ സമീപനം അടിമുടി മാറാൻ കാരണമെന്നും ജയശങ്കർ കൂട്ടിച്ചേർത്തു.
അഞ്ച് ദിവസത്തെ സന്ദർശനത്തിനായി വാഷിംഗ്ടൺ ഡിസിയിലാണ് വിദേശകാര്യമന്ത്രി നിലവിലുള്ളത്. ന്യൂയോർക്കിൽ ഐക്യരാഷ്‌ട്രസഭയുടെ 78-ാമത് ജനറൽ അസംബ്ലി സമ്മേളനത്തെ അഭിസംബോധന ചെയ്ത ശേഷം ബുധനാഴ്ചയാണ് ജയശങ്കർ ഇവിടെയെത്തിയത്.