പത്തനംതിട്ട: യോഗക്ഷേമ സഭയുടെ സംസ്ഥാന യുവജന സമ്മേളനം ‘യുവം’ ഉദ്ഘാടനം ചെയ്ത് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. രണ്ട് ദിവസങ്ങളിലായി നടക്കുന്ന യോഗക്ഷേമ സഭ സംസ്ഥാന സമ്മേളനത്തിന് ഇന്ന് രാവിലെ 10-ന് പന്തളം ഈഡൻ കൺവെൻഷൻ സെന്ററിൽ വച്ചാണ് തുടക്കമായത്. യോഗക്ഷേമ സംസ്ഥാന അദ്ധ്യക്ഷൻ അക്കീരമൺ കാളിദാസ ഭട്ടത്തിരിപ്പാട്, പന്തളം രാജ കുടുംബാംഗങ്ങൾ തുടങ്ങിയവർ സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
കേരള ചരിത്രത്തിൽ ഒഴിവാക്കാനാകാത്ത പങ്ക് വഹിച്ച ബ്രാഹ്‌മണ സമൂഹത്തെ നവോത്ഥാനം പഠിപ്പിക്കാൻ വരുന്നത് കൊല്ലപുരയിൽ സൂചി പണിയാൻ കൊടുക്കുന്നതിന് സമമാണെന്ന് വി. മുരളീധരൻ പറഞ്ഞു. മറ്റ് ആരോപണങ്ങളിൽ നിന്നും ഒളിച്ചോടാൻ സവർണ്ണ സമുദായങ്ങൾക്ക് എതിരെ നടക്കുന്ന സമകാലീന രാഷ്‌ട്രീയ അജണ്ടയെ കുറിച്ചും മന്ത്രി യോഗത്തിൽ പരാമർശിച്ചു.
സമ്മേളനത്തിന്റെ ഒന്നാം ദിവസമായ ഇന്ന് ശബരിമല തന്ത്രി നടത്തുന്ന ഗണപതി ഹോമവും വിവിധ കലാപരിപാടികളും അരങ്ങേറും. സമാപന ദിവസമായ നാളെ വനിതാ യുവജന സംഘങ്ങളുടെ സമ്മേളനം പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ.എസ്. ഐയ്യർ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ ആനന്ദഗോപൻ ആശംസകളർപ്പിക്കും.















