സാധാരണക്കാർക്ക് മികച്ച യാത്രാനുഭവം നൽകുന്ന ട്രെയിനാണ് ഐആർസിടിസിയുടെ ഭാരത് ഗൗരവ് ട്രെയിൻ. വളരെ കുറഞ്ഞ നിരക്കിൽ മികച്ച പാക്കേജാണ് എല്ലാ തവണയും റെയിൽവേ ഒരുക്കുന്നത്. അത്തരത്തിൽ പുതിയൊരു പാക്കേജാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കൊച്ചുവേളിയിൽ നിന്നാണ് ഈ യാത്ര ആരംഭിക്കുന്നത്. രാജ്യത്തെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങൾ ഒറ്റ യാത്രയിൽ കാണാനുള്ള അവസരമാണ് നോർത്ത് വെസ്‌റ്റേൺ ഡിലൈറ്റ് വിത്ത് വൈഷ്‌ണോദേവി ടൂർ പാക്കേജിലൂടെ നൽകുന്നത്.
12 രാത്രിയും 13 പകലും നീണ്ട് നിൽക്കുന്നതാണ് ഈ യാത്ര. നവംബർ 19-നാകും യാത്ര ആരംഭിക്കുന്നത്. അഹമ്മദാബാദ്,സ്റ്റാച്യു ഓഫ് യൂണിറ്റി, ജയ്പൂർ,വൈഷ്‌ണോദേവി,അമൃത്സർ എന്നീ ക്രമത്തിലാകും സന്ദർശിക്കുക. കൊച്ചുവേളിയിൽ നിന്ന് ആരംഭിക്കുന്ന ഭാരത് ഗൗരവ് ട്രെയിന് കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം, തൃശൂർ, ഷൊർണൂർ, കോഴിക്കോട്, കണ്ണൂർ, മംഗളൂരു എന്നിവിടങ്ങളിൽ സ്‌റ്റോപ്പുണ്ടാകും. രണ്ട് ദിവസത്തെ ട്രെയിൻ യാത്രയ്‌ക്കൊടുവിൽ മൂന്നാം ദിനമാണ് അഹമ്മദാബാദിലെത്തി ചേരുക.
തുടർന്ന് അക്ഷർധാം സന്ദർശിക്കാനുള്ള അവസരമാകും ലഭിക്കുക. 22-ാം തീയതി മൊധേര സൂര്യ ക്ഷേത്രം, സബർമതി ആശ്രമം, അദ്‌ലജ് പടവ് കിണർ എന്നിവിടങ്ങൾ കാണും. 23-ാം തിയതി സ്റ്റാച്യൂ ഓഫ് യൂണിറ്റി അഥവാ ഏകതാ പ്രതിമ കാണാൻ ഏകതാ നഗറിലേക്ക് പോകും. അവിടുന്ന് രാത്രിയോടെ ജയ്പൂരിലേക്ക് പോകും. 24-ന് ഉച്ചകഴിഞ്ഞ് ജയ്പൂരിലെത്തും. 25-ന് പ്രഭാതഭക്ഷണത്തിന് ശേഷം സിറ്റി പാലസ്, അമർ ഫോർട്ട്, ഹവ മഹൽ എന്നിവ സന്ദർശിക്കും. വൈകുന്നേരത്തോടെ വൈഷ്‌ണോദേവിയിലേക്കുള്ള യാത്ര ആരംഭിക്കും. 26-ന് വൈകിട്ട് കത്രയിലെത്തും. അന്ന് രാത്രി കത്രയിൽ ചെലവഴിച്ച് പിറ്റേന്ന് രാവിലെ വൈഷ്‌ണോദേവിയിലേക്ക് പോകാം.
28-ന് അമൃത്സറിലേക്ക് യാത്ര തുടരും. പിറ്റേന്ന് രാത്രിയോടെയാകും അമൃത്സറിലെത്തുക. പിറ്റേന്ന് പ്രബാത ഭക്ഷണത്തിന് ശേഷം ജാലിയൻവാലാബാഗിലേക്കും സുവർണ ക്ഷേത്രത്തിലേക്കും പോകും. തുടർന്ന് ഉച്ചയോടെ വാഗ ബോർഡറിലേക്ക് യാത്ര ആരംഭിക്കും. പിന്നാലെ യാത്ര അവസാനിപ്പിച്ച് കൊച്ചുവേളിയിലേക്ക് പുറപ്പെടാവുന്നതാണ്. ഡിസംബർ ഒന്നിനാകും മടങ്ങിയെത്തുക.
സ്റ്റാർഡേർഡ് ക്ലാസിൽ മുതിർന്നവർക്ക് 26,310 രൂപയും അഞ്ച മുതൽ 11 വരെ പ്രയാമുള്ളവർക്ക് 24,600 രൂപയുമാണ് നിരക്ക്. കംഫോർട്ട് ക്ലാസിൽ മുതിർന്നവർക്ക് 39,240 രൂപയും 5-11 പ്രായത്തിലുള്ള കുട്ടികൾക്ക് 37,530 രൂപയുമാണ് നിരക്ക്. സ്റ്റാൻഡേർഡ് സ്ലീപ്പർ ക്ലാസും കംഫോർട്ട് തേർഡ് എസിയും ആയിരിക്കും. ആകെ 754 പേർക്കാണ് യാത്രയ്‌ക്കുള്ള അവസരം. കൂടുതൽ വിവരങ്ങൾക്ക് www.irctctourism.com എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.















