ഏഷ്യൻ ഗെയിംസ് ബാഡ്മിന്റൺ പുരുഷ ടീമിനത്തിൽ ഇന്ത്യ ഫൈനലിൽ കടന്നു. ചരിത്രത്തിലാദ്യമായാണ് ഇന്ത്യൻ പുരുഷ താരങ്ങൾ ഏഷ്യൻ ഗെയിംസ് ബാഡ്മിന്റൺ പുരുഷ ടീമിനത്തിൽ ഫൈനലിൽ എത്തുന്നത്. എച്ച്. എസ്. പ്രണോയ്, സാത്വിക് സായ് രാജ്, ചിരാഗ് ഷെട്ടി, ലക്ഷ്യാ സെൻ, ധ്രുവ് കപില, അർജ്ജുൻ എം.ആർ, കെ. ശ്രീകാന്ത് എന്നിവരാണ് കൊറിയൻ സംഘത്തെ തകർത്ത് ഫൈനലിൽ കടന്നത്.
രണ്ടിനെതിരെ മൂന്ന് സെറ്റുകൾ സ്വന്തമാക്കിയാണ് ഇന്ത്യൻ പുരുഷ ടീം സെമിയിൽ കടന്നത്. ആദ്യ ഘട്ടത്തിൽ ഒന്നിനെതിരെ രണ്ടു സെറ്റുകൾക്ക് എച്ച്.എസ് പ്രണോയ് കൊറിയയുടെ ഹ്യോജിനെ പരാജയപ്പെടുത്തി. രണ്ടാം ഘട്ടത്തിൽ സാത്വിക് ചിരാഗ് സഖ്യം സിയൂങ് ജെ, മിൻ ഹ്യൂക്ക് എന്നിവരോട് പരാജയപ്പെട്ടു. മൂന്നാം ഘട്ടത്തിൽ ലീ യുംഗ്യൂവിനെ എതിരില്ലാത്ത രണ്ട് സെറ്റുകൾക്ക് തറപറ്റിച്ച് ലക്ഷ്യ സെൻ ഇന്ത്യയെ വീണ്ടും ലീഡിൽ എത്തിച്ചു. എന്നാൽ നാലാം ഘട്ടത്തിൽ കൊറിയയുടെ കിം, നാസ് എന്നിവർക്ക് മുന്നിൽ ധ്രുവ്- അർജുൻ സഖ്യത്തിന് അടി പതറി. അഞ്ചാം ഘട്ടത്തിൽ ജിയോണിയോപിനോട് ഒന്നിനെതിരെ രണ്ടു സെറ്റുകൾ നേടി കെ. ശ്രീകാന്ത് ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു.
ക്വാർട്ടറിൽ നേപ്പാളിനെ തറപറ്റിച്ചാണ് ഇന്ത്യ ഫൈനലിൽ എത്തിയത്.















