ചെന്നൈ: പഴനി മുരുകൻ ക്ഷേത്രത്തിനുള്ളിൽ മൊബൈൽ ഫോണിന് വിലക്ക്. ഹൈക്കോടതി നിർദ്ദേശപ്രകാരം എർപ്പെടുത്തിയ നിരോധനം ഇന്ന് നിലവിൽ വരും. ഭക്തർക്ക് മൊബൈൽ ഫോൺ സുക്ഷിക്കാൻ മൂന്നിടങ്ങളിലായി പ്രത്യേക സജ്ജീകരണം ഒരുക്കിയിട്ടുണ്ട്. അഞ്ച് രൂപ നൽകിയാൽ ഭക്തർക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താനാകും.
പഴനി ക്ഷേത്രത്തിനുള്ളിലേത് എന്ന പേരിൽ മൊബൈൽ ഫോൺ ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെയാണ് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം മൊബൈൽ നിരോധിച്ചത്.
കർണാടകയിലെ ക്ഷേത്രങ്ങളിലും ജൂലൈ മാസത്തിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു. എല്ലാ ഭക്തരും ജീവനക്കാരും ക്ഷേത്രത്തിനുള്ളിൽ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്യണമെന്നും സർക്കാർ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
കർണാടകയിൽ ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്മെന്റ് വകുപ്പിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് വിലക്കുണ്ട്. ക്ഷേത്രങ്ങളിലെ മൊബൈൽ ഫോൺ ഉപയോഗം മറ്റ് ഭക്തരെയും ശല്യപ്പെടുത്തുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നിരോധനം സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കിയത്.















