കൊല്ലം: മാതാ അമൃതാനന്ദമയി ദേവിയുടെ എഴുപതാം ജന്മദിനത്തോടനുബന്ധിച്ച് വിപുലമായ ആഘോഷകൾ സംഘടിപ്പിച്ച് അമൃതപുരി. ഒക്ടോബർ മൂന്നിന് അമൃത വിശ്വവിദ്യാപീഠം ക്യാമ്പസിൽ ഒരുക്കിയിരിക്കുന്ന പ്രത്യേക വേദിയിലാണ് ജന്മദിനാഘോഷങ്ങൾ നടക്കുന്നത്. ആഘോഷങ്ങൾക്ക് മുന്നോടിയായി നാളെയും പ്രത്യേക പരിപാടികൾ നടക്കും.
മാതാ അമൃതാനന്ദമയിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ആഘോഷ പരിപാടികളുടെ ഒരുക്കങ്ങൾ പൂർത്തിയായെന്ന് അമൃതാനന്ദമഠം വൈസ് ചെയർമാൻ സ്വാമി അമൃത സ്വരൂപാനന്ദപുരി പറഞ്ഞു. നാളെ വൈകിട്ട് പ്രഭാഷണങ്ങൾ, മാതാ അമ്യതാനന്ദമയി ദേവിയുടെ നേതൃത്വത്തിൽ ധ്യാനം, വിശ്വശാന്തി പ്രാർത്ഥനകൾ എന്നിവ നടക്കും. പിറന്നാൾ ദിനത്തിൽ രാവിലെ മഹാഗണപതിഹോമം, സത്സംഗം ഗുരുപാദപൂജ എന്നിവയുമുണ്ടാകും.
സാംസ്‌കാരിക സമ്മേളനത്തിൽ 193 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും. കേരളം, തമിഴ്‌നാട് , തെലങ്കാന സംസ്ഥാനങ്ങളിലെ ഗവർണർമാർ, കേന്ദ്ര മന്ത്രി മഹേന്ദ്രനാഥ് പാണ്ഡെ, കേന്ദ്ര സഹ മന്ത്രിമാരായ അശ്വിനി കുമാർ ചൗ ബേ, വി മുരളീധരൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. ലോകത്തിലെ പ്രമുഖരായ 70 വ്യക്തികളുടെ ജന്മദിന ആശംസകൾ ആഘോഷവേദിയിൽ പ്രദർശിപ്പിക്കും.















