തിരുവനന്തപുരം: ഗാന്ധി ജയന്തിയോടനുബന്ധിച്ച് കേരളത്തിലെ 3000 കേന്ദ്രങ്ങളിൽ ദേശീയ സേവാഭാരതി ഇന്ന് ശുചീകരണ പ്രവർത്തനങ്ങൾ നടത്തും. മഹാത്മാ ഗാന്ധിയുടെ സ്വച്ഛഭാരത സങ്കല്പത്തെ പ്രവർത്തികമാക്കാനുള്ള പ്രധാനമന്ത്രിയുടെ അഭ്യർത്ഥന ഏറ്റെടുത്താണ് മാതൃകാപരമായ പ്രവർത്തനം നടത്തുന്നത്. സന്നദ്ധ പ്രവർത്തനങ്ങളിൽ മികവുറ്റ പ്രവർത്തനവുമായി മുന്നോട്ട് പോകുന്ന ദേശീയ സേവാ ഭാരതിയുടെ മാതൃകാപരമായ കർമ്മ പദ്ധതിയാണ് സ്വച്ഛതാ ഹി സേവാ അഭിയാൻ.
കേരളത്തിലെ 1000 യൂണിറ്റുകളിലായി 3000 കേന്ദ്രങ്ങളിലായാണ് ഇത്തവണ ശുചീകരണ പ്രവർത്തനം നടത്തുക. സ്വച്ഛതാ ഹി സേവാ അഭിയാൻ കർമ്മ പദ്ധതിയിൽ പൗരപ്രമുഖരും യുവാക്കളും യുവതികളും ഉൾപ്പെടെ ഒരു ലക്ഷം സന്നദ്ധ സേവകർ പങ്കാളികളാകും. ജില്ലാ കേന്ദ്രങ്ങളിലും യൂണിറ്റ് തലങ്ങളിലുമടക്കം രാവിലെ മുതൽ പ്രവർത്തനങ്ങൾക്ക് തുടക്കമാകും. പൊതുസ്ഥലങ്ങൾ, കുളങ്ങൾ, നദികൾ തുടങ്ങി വീടിന്റെ പരിസരം വരെ ശുചിത്വപൂർണമാക്കുകയാണ് ലക്ഷ്യം.
എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന മഹത്തായ വചനം പ്രദാനം ചെയ്ത മഹാത്മ ഗാന്ധിയുടെ ഭാരത സങ്കല്പം സ്വച്ഛഭാരതമായിരുന്നു. ആ സങ്കല്പം ഭാരതീയർ ഏറ്റെടുക്കണം എന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭ്യർത്ഥന. ഈ സന്ദേശം ജനങ്ങളിലൂടെ പ്രവർത്തികമാക്കാനാണ് സേവാഭാരതിയുടെ ചുവടുവെയ്പ്പ്.