ന്യൂഡൽഹി: ഇന്ത്യയുടെ രണ്ടാമത്തെ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയുടെ ജന്മദിനമാണ് ഇന്ന്. ഗാന്ധിജിയുടെ അനുനായി ആയിരുന്ന അദ്ദേഹത്തെ അനുസ്മരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. അദ്ദേഹത്തിന്റെ ലാളിത്യവും രാഷ്‌ട്രത്തോടുള്ള അർപ്പണബോധവും ഇന്നും പ്രതിധ്വനിക്കുന്നു. ‘ജയ് ജവാൻ, ജയ് കിസാൻ’ എന്ന പ്രതീകാത്മക ആഹ്വാനം ഇന്നും തലമുറകളെ പ്രചോദിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയുടെ പുരോഗതിയോടുള്ള അചഞ്ചലമായ പ്രതിബദ്ധതയും വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ അദ്ദേഹത്തിന്റെ നേതൃത്വവും മാതൃകാപരമാണ്. ശക്തമായ ഇന്ത്യയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാട് സാക്ഷാത്കരിക്കാൻ നമുക്ക് എപ്പോഴും പ്രവർത്തിക്കാം- പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു. വിജയ് ഘട്ടിൽ പ്രധാനമന്ത്രിക്ക് പുറമേ ലോക്‌സഭാ സ്പീക്കർ ഓം ബിർളയും പുഷ്പാർച്ചന നടത്തി.
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ മരണശേഷം 1964-ലാണ് ലാൽ ബഹദൂർ ശാസ്ത്രി പ്രധാനമന്ത്രി പദത്തിലെത്തിയത്. രാജ്യം ഏറ്റവും വലിയ പ്രതിസന്ധി നേരിട്ട കാലത്ത് രാജ്യത്തെ നയിച്ചത് അദ്ദേഹമായിരുന്നു.
പ്രധാനമന്ത്രിയെന്ന നിലയിൽ 1965-ൽ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള യുദ്ധകാലത്ത് ശമ്പളം വരെ ഉപേക്ഷിച്ചിരുന്നു. പാൽ ഉത്പന്നവുമായി ബന്ധപ്പെട്ട ധവള വിപ്ലവത്തിന് പിന്നിലും അദ്ദേഹമായിരുന്നു. ‘ജയ് ജവാൻ, ജയ് കിസാൻ’ എന്ന മുദ്രാവാക്യത്തിന് പിന്നിലുള്ള വ്യക്തിയായതിനാൽ ശാസ്ത്രി ഇന്ത്യയിലെ കർഷകർക്കും സൈനികർക്കും ഇന്നും പ്രചോദനം നൽകുന്നു.