ചരിത്രത്തിലെ ഏറ്റവും വലിയ വരൾച്ചയും റെക്കോർഡ് താപനിലയുമാണ് ആമസോൺ കാടുകളോട് അടുത്തുവരുന്ന ബ്രസീലിലെ മേഖലകളിൽ രേഖപ്പെടുത്തുന്നത്. ഇതിന്റെ ഭാഗമായി അനേകം ഡോൾഫിനുകളെ ചത്തുപൊങ്ങിയ നിലയിൽ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ആമസോണിലെ തെഫെ തടാകത്തിന് സമീപത്ത് നിന്നും കഴിഞ്ഞ ഏഴ് ദിവസത്തിനിടെ നൂറിലധികം ഡോൾഫിനുകളെയാണ് ഇത്തരത്തിൽ കണ്ടെത്തിയത്. മേഖലയിൽ രേഖപ്പെടുത്തിയ 102 ഡിഗ്രി ഫാരൻഹീറ്റ് ചൂടാണ് ഡോൾഫിനുകളുടെ മരണത്തിന് പിന്നിലെ കാരണമെന്നാണ് വിലയിരുത്തൽ.
ഉയർന്ന താപനിലയിൽ നിന്നും ഡോൾഫിനുകളെ സംരക്ഷിക്കാനായി നദിയുടെ മറ്റൊരു ഭാഗത്തേക്ക് അവയെ മാറ്റാണ് വിദഗ്ധർ പദ്ധതി ഇടുന്നത്. എന്നാൽ ഇതിന് മുമ്പായി നദി തീരത്തെ വൈറസിന്റെ സാന്നിദ്ധ്യത്തെ കുറിച്ച് പരിശോധിക്കേണ്ടതുണ്ടെന്നും അല്ലെങ്കിൽ വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും ഗവേഷകനായ ആണ്ട്രോകൊയ്‌ലോ പറഞ്ഞു.















