ലക്നൗ : ഥാർ എസ് യു വിയിൽ യാത്ര ചെയ്യണമെന്ന ക്യാൻസർ ബാധിതനായ അഞ്ച് വയസുകാരന്റെ ആഗ്രഹം സഫലമാക്കി മഹീന്ദ്ര കമ്പനിയും , ആശുപത്രി അധികൃതരും . ഇതുമായി ബന്ധപ്പെട്ട വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് . മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്രയും വികാരാധീനനായി വാക്കുകൾ പങ്ക് വച്ചിട്ടുണ്ട് .
കാർത്തിക് സിംഗ് എന്ന അഞ്ച് വയസുകാരൻ ലക്നൗവിലെ അപ്പോളോ ആശുപത്രിയിലാണ് ചികിത്സ തേടുന്നത് . കീമോതെറാപ്പിക്ക് വേണ്ടി കുട്ടിയുടെ മാതാപിതാക്കൾ സ്ഥിരമായി കുട്ടിയെ കൊണ്ടുപോകുന്നുണ്ട്. മഹീന്ദ്ര ഥാർ എസ്‌യുവിയുടെ കടുത്ത ആരാധകനാണ് കാർത്തിക്. ചികിത്സയ്‌ക്കായി ആശുപത്രിയിൽ വരുമ്പോഴെല്ലാം മഹീന്ദ്ര ഥാർ എസ്‌യുവിയെക്കുറിച്ച് സംസാരിക്കാറുണ്ടായിരുന്നു.
താൻ വളരുമ്പോൾ മഹീന്ദ്ര ഥാർ എസ്‌യുവി വാങ്ങണമെന്ന് കാർത്തിക് അപ്പോളോ ആശുപത്രിയിലെ ഡോക്ടർമാരോട് പറയുകയായിരുന്നു. തുടർന്ന് അപ്പോളോ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ കാർത്തിക്കിന് സർപ്രൈസ് നൽകാൻ പദ്ധതിയിട്ടു. വിവരമറിഞ്ഞ ലക്നൗവിലെ മഹീന്ദ്ര കമ്പനി അധികൃതർ കുട്ടിയുടെ ആഗ്രഹം നിറവേറ്റാൻ തയ്യാറാണെന്നറിയിച്ചു. കാർത്തിക്കിന്റെ അടുത്ത കീമോ സെഷൻ നിശ്ചയിച്ച ദിവസം, കുഞ്ഞിനെ എടുക്കാൻ അലങ്കരിച്ച മഹീന്ദ്ര ഥാർ വീട്ടിലെത്തി.
വീടിനു മുന്നിൽ തന്റെ പ്രിയപ്പെട്ട കാർ കണ്ട് കാർത്തിക് അമ്പരന്നു. കാറിന്റെ ക്യാബിൻ മുഴുവൻ ബലൂണുകൾ കൊണ്ട് നിറഞ്ഞിരുന്നു. കാറിന്റെ മുൻ സീറ്റിലിരുത്തിയാണ് കാർത്തിക്കിനെ ആശുപത്രിയിലെത്തിച്ചത്. ആ നിമിഷം കാർത്തികിന്റെ സന്തോഷം പറഞ്ഞറിയിക്കാനാവില്ലെന്നാണ് മാതാപിതാക്കൾ പറഞ്ഞത് .
ആനന്ദ് മഹീന്ദ്രയും ഈ വീഡിയോ എക്‌സിൽ (ട്വിറ്റർ) പങ്ക് വച്ചു . “എനിക്ക് സംസാരിക്കാൻ ആകുന്നില്ല . എന്റെ കണ്ണിൽ നിന്ന് കണ്ണുനീർ വന്നുകൊണ്ടിരിക്കുകയാണ് . നിങ്ങളുടെ മനുഷ്യത്വപരമായ ഇടപെടലിന് നന്ദി, ഞങ്ങളെ ഇതിൽ ഉൾപ്പെടുത്തിയതിനും നന്ദി. ഈ സംഭവം എന്നെ ഒരു കാർത്തിക് ആരാധകനാക്കി. .” അദ്ദേഹം ട്വീറ്റ് ചെയ്തു.















