ന്യൂഡൽഹി: ഡൽഹിയിൽ പിടിയിലായ പാക്-ഐഎസ്ഐ ഭീകരരുടെ ചോദ്യം ചെയ്യൽ തുടരുന്നു. പിടിയിലായ മൂന്ന് പേരും എഞ്ചിനീയറിംഗിൽ ബിരുദം സ്വന്തമാക്കിയവരാണെന്ന് പോലീസ് അറിയിച്ചു. ഒരാൾ ഡൽഹി ജാമിയ മിലിയ ഇസ്ലാമിയയിൽ പിഎച്ച്ഡി വിദ്യാർത്ഥിയുമാണ്. ഉന്നത വിദ്യാഭ്യാസം നേടിയിട്ടുള്ള പ്രതികളിൽ ഒരാൾ ഐഇഡി നിർമ്മിക്കുകയും ഡൽഹി, രാജസ്ഥാൻ, ഉത്തരാഖണ്ഡിലെ ഹൽദ്വാനി തുടങ്ങിയ സ്ഥലങ്ങളിൽ ഇതിന്റെ പരീക്ഷണം നടത്തിയതായും പോലീസ് പറയുന്നു. മുഹമ്മദ് ഷാനവാസ് ആലം എന്ന മുഹമ്മദ് ഇബ്രാഹിം(31), മുഹമ്മദ് റിസ്വാൻ അഷ്റഫ് (28), മുഹമ്മദ് അർഷാദ് വാർസി (29) എന്നിവരാണ് എൻഐഎയും ഡൽഹി പോലീസ് സെല്ലും സംയുക്തമായി നടത്തിയ പരിശോധനയ്ക്കിടെ അറസ്റ്റിലായത്.
എൻഐഎ തലയ്ക്ക് മൂന്ന് ലക്ഷം രൂപ വിലയിട്ടിരുന്ന ഭീകരനാണ് ഷാനവാസ്. ആക്രമണങ്ങൾ നടത്താൻ പദ്ധതി ഇട്ടതിന്റെ പ്രധാന സൂത്രധാരൻ ഇയാളായിരുന്നു. വിഐപി രാഷ്ട്രീയ നേതാക്കൾ സഞ്ചരിക്കുന്ന വഴികളിലും മുംബൈ, സൂറത്ത്, വഡോദര, ഗാന്ധിനഗർ, അഹമ്മദാബാദ് തുടങ്ങീ ജനത്തിരക്കേറിയ പ്രധാന നഗരങ്ങളിലും ഐഇഡികൾ സ്ഥാപിക്കാനും ആക്രമണം നടത്താനാണ് ഇവർ പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. ഓരോ സ്ഥലങ്ങളെ കുറിച്ചും വ്യക്തമായ വിവരണം നൽകുന്ന മാപ്പുകളും ഇവർ തയ്യാറാക്കിയിരുന്നു.
ജാർഖണ്ഡിലെ ഹസാരിബാഗിൽ ജനിച്ച ഷാനവാസ് 2016ൽ നാഗ്പൂരിലെ എൻഐടി വിശ്വേശ്വരയ്യയിൽ നിന്ന് ബിടെക് പഠനം പൂർത്തിയാക്കി. അതേവർഷം തന്നെ കേന്ദ്രസർക്കാർ ജോലി നേടുന്നതിനായി ഡൽഹിയിലെ കോച്ചിംഗ് സെന്ററിലും ചേർന്നു. ഇവിടെ എത്തിയ ശേഷമാണ് ഇയാൾ ഐഎസ്ഐഎസിന്റെ ആശയങ്ങളിൽ ആകൃഷ്ടനാകുന്നത്. ഐഎസ് ആശയങ്ങൾ ഉള്ള സമൂഹമാദ്ധ്യമ അക്കൗണ്ടുകളേയും വാർത്താ ചാനലുകളേയും പിന്തുടരാനും തുടങ്ങി.
നിരവധി മോഷണക്കേസുകളിൽ അടക്കം പ്രതിയാണ് ഷാനവാസ്. 2019ൽ ഹസാരിബാഗിൽ നടന്ന മോഷണക്കേസിൽ അറസ്റ്റിലായ ഇയാൾ ഒൻപത് മാസത്തോളം ജയിലിൽ കിടന്നിട്ടുണ്ട്. ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷമാണ് ഐഎസ് ആശയം പിന്തുടരുന്ന കൂടുതൽ ആളുകളുമായി ഷാനവാസ് ബന്ധപ്പെടുന്നത്. 2022 ഡിസംബർ മുതലാണ് രാജ്യത്ത് ഭീകരാക്രമണങ്ങൾ നടത്താനുള്ള പദ്ധതി ഇവർ ആസൂത്രണം ചെയ്ത് വന്നിരുന്നത്. വിദേശസഹായത്തോടെയായിരുന്നു നീക്കം. ഗൂഢാലോചനയുടെ ഭാഗമായി ഐഇഡി തയ്യാറാക്കുന്നതിനായി ഡൽഹിയിൽ നിന്നും ഇവർ അവശ്യവസ്തുക്കളും ശേഖരിച്ചിരുന്നു.
മറ്റൊരു പ്രതിയായ മുഹമ്മദ് അർഷാദ് വാർസിയും ജാർഖണ്ഡ് സ്വദേശിയാണ്. യുപിയിലെ അലിഗഡ് മുസ്ലിം സർവ്വകലാശാലയിൽ നിന്ന് 2016ൽ മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ വാർസി ബിരുദം നേടി. ഡൽഹി ജാമിയ മില്ലിയ ഇസ്ലാമിയയിൽ നിന്ന് എംബിഎ പൂർത്തിയാക്കിയ ശേഷം അവിടെ തന്നെ ഇസ്ലാമിക തത്വശാസ്ത്രത്തിൽ പിഎച്ച്ഡി ചെയ്ത് വരികയായിരുന്നു. പഠനത്തോടൊപ്പം തന്നെ ജാമിയ നഗറിലെ ഒരു സ്ഥാപനത്തിൽ ഫിസിക്സ് അദ്ധ്യാപകനായും ഇയാൾ ജോലി ചെയ്തിരുന്നു. 2016ൽ ഷഹീൻ ബാഗിൽ വച്ചാണ് ഷാനവാസും വാർസിയും സൗഹൃദത്തിലാകുന്നത്. ഐഎസ് ആശയങ്ങളിലുള്ള ചായ്വാണ് ഇരുവരേയും സുഹൃത്തുക്കളാക്കി മാറ്റിയത്. കേസിലെ മൂന്നാം പ്രതിയായ റിസ്വാൻ അഷ്റഫ് സൗദി അറേബ്യയിലെ ജിദ്ദയിലാണ് ജനിച്ചത്. 2017ൽ ഗാസിയാബാദിലെ ഒരു കോളേജിൽ നിന്നാണ് ഇയാൾ ബിടെക് പൂർത്തിയാക്കിയതെന്നും അധികൃതർ വ്യക്തമാക്കി.