തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്കിൽ കോടികളുടെ തട്ടിപ്പു നടത്തിയ കേസിൽ സിപിഐ നേതാവ് ഭാസുരാംഗനെ ചോദ്യം ചെയ്യാതെ പോലീസ്. 66 കേസുകളിൽ ഒന്നാം പ്രതിയായ ഇയാളെ ഇതുവരെയും പോലീസ് ചോദ്യം ചെയ്തിട്ടില്ല. ഭാസുരാംഗന്റെ തട്ടിപ്പുകൾ ചൂണ്ടിക്കാണിക്കുന്ന നിരവധി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടും ഇയാൾ ഇപ്പോഴും മിൽമയുടെ അഡ്മിനിട്രേറ്ററായി തന്നെ തുടരുകയാണ്.
കണ്ടലയിൽ നിക്ഷേപം നടത്തിയ 1500-ലധികം ആളുകൾക്കാണ് പണം നഷ്ടമായിരിക്കുന്നത്. നിത്യനിധി, സൗഭാഗ്യ നിക്ഷേപം തുടങ്ങിയ പേരുകളിൽ നടത്തിയ തട്ടിപ്പുകൾ സഹകരണ രജിസ്ട്രാറാണ് കണ്ടെത്തിയത്. ബാങ്കിൽ പണം നിക്ഷേപിച്ചു കഴിഞ്ഞാൽ വർഷങ്ങൾ കഴിഞ്ഞാണ് നിക്ഷേപകനെത്തുക. ഇത് അറിയുന്ന ഭാസുരാംഗനും ബാങ്ക് ഭരണസമിതിയും പണം മറിക്കുകയായിരുന്നു. നിക്ഷേപകർക്ക് പണം നഷ്ടമായതോടെ നിരവധി പേർ ഭാസുരാംഗനെതിരെയും ബാങ്ക് ഭരണസമിതിക്കെതിരെയും പരാതി നൽകിയെങ്കിലും ആദ്യം പോലീസ് കേസെടുക്കാൻ തയ്യാറായിരുന്നില്ല. കോടികൾ തട്ടിപ്പ് നടന്നതായി സഹകരണവകുപ്പ് കണ്ടെത്തിയിട്ടും കാട്ടാക്കട ഡിവൈഎസ്പി കൃത്യമായി അന്വേഷിക്കുന്നില്ലെന്ന് നിക്ഷേപകർ പറഞ്ഞു.















