ലക്‌നൗ: സനാതന ധർമ്മത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സനാതന ധർമ്മം മാത്രമാണ് മതമെന്നും മറ്റുള്ള എല്ലാ വിഭാഗങ്ങളും ആരാധനാ രീതികളാണെന്നും അദ്ദേഹം പറഞ്ഞു. സനാതന ധർമ്മം മാനവികതയുടെ മതമാണ്. അതിനെതിരായ ഏതൊരു ആക്രമണവും മുഴുവൻ മനുഷ്യരാശിയെയും അപകടത്തിലാക്കുമെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു. ഗോരഖ്‌നാഥ് ക്ഷേത്രത്തിൽ നടന്ന ‘ശ്രീമദ് ഭഗവത് കഥാ ജ്ഞാന യാഗ’ത്തിന്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തുറന്ന മനസുണ്ടായാൽ മാത്രമാകും ശ്രീമദ് ഭാഗവതത്തിന്റെ അന്തസത്ത മനസിലാക്കാൻ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു. ഇടുങ്ങിയ ചിന്താഗതിയുള്ളവർ കാഴ്ചപ്പാടുകളുടെ വിശാലത മനസിലാക്കാൻ ബുദ്ധിമുട്ട് നേരിടുന്നു. ഏഴ് ദിനം ശ്രവിക്കുന്ന ഭഗവദ് കഥാപാഠങ്ങൾ ജീവിതത്തിൽ നല്ല മാറ്റങ്ങൾ സൃഷ്ടിക്കും. മൂല്യവത്തായ നിരവധി കാര്യങ്ങൾ കേൾക്കാനുള്ള അവസരമായിരുന്നു ഇത്. ഭഗവത്ഗീതയ്‌ക്ക് അതിരുകൾ ഇല്ലെന്നും പ്രത്യേക ദിവസങ്ങളിലേക്കോ മണിക്കൂറുകളിലേക്കോ ഒതുക്കേണ്ടതല്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
തമിഴ്‌നാട് മുഖ്യമന്ത്രിയുടെ മകൻ ഉദയനിധി സ്റ്റാലിന്റെ വിവാദ പരാമർശത്തിന് പിന്നാലെയാണ് യോഗി ആദിത്യനാഥിന്റെ പ്രതികരണം. സനാതന ധർമ്മത്തെ ഡെങ്കിയോടും മലേറിയയോടും ഉപമിച്ചായിരുന്നു ഉദയനിധിയുടെ പരാമർശം. കുറച്ച് കാര്യങ്ങൾ എതിർക്കാൻ കഴിയില്ല, അത് ഇല്ലാതാക്കണം. ഡെങ്കി, മലേറിയ, കൊറോണ എന്നിവയെ നമുക്ക് എതിർക്കാൻ കഴിയില്ല. നമ്മൾ ഇത് ഇല്ലാതാക്കണം. അതേ രീതിയിലാണ് സനാതനത്തെയും ഉന്മൂലനം ചെയ്യേണ്ടത്. ‘സനാതന’ എന്ന പേര് സംസ്‌കൃതത്തിൽ നിന്നാണ്. ഇത് സാമൂഹിക നീതിക്കും സമത്വത്തിനും എതിരാണ് എന്നായിരുന്നു ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന. വികാരങ്ങളെ വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് വൻ പ്രക്ഷോഭങ്ങളാണ് രാജ്യമൊട്ടാകെ നടന്നത്.















