ഹാങ്‌ചോ: ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ കനോയ് ഡബിൾ 1000 മീറ്റർ വിഭാഗത്തിൽ ഇന്ത്യക്ക് വെങ്കലം. അർജുൻ സിംഗ്, സുനിൽ സിംഗ് സലാം സഖ്യമാണ് ഇന്ത്യക്ക് വെങ്കലം സമ്മാനിച്ചത്. 28 വർഷങ്ങൾക്കു ശേഷമാണ് കനോയിങ്ങിൽ ഇന്ത്യ മെഡൽ കരസ്ഥമാക്കുന്നത്. 3:53.329 സമയമെടുത്താണ് കനോയിങ്ങിൽ ഇന്ത്യൻ താരങ്ങൾ വെങ്കലം സ്വന്തമാക്കിയത്. ഇതോടെ 61 മെഡലുകളുമായി ഇന്ത്യ ജൈത്രയാത്ര തുടരുകയാണ്. ഉസ്‌ബൈക്കിസ്ഥാനും കസാക്കിസ്ഥാനുമാണ് മത്സരത്തിൽ സ്വർണവും വെള്ളിയും നേടിയ രാജ്യങ്ങൾ.
അതേസമയം ഏഷ്യൻ ഗെയിംസ് അത്‌ലറ്റിക്‌സ് വിഭാഗത്തിൽ മലയാളി താരം ആൻസി സോജൻ ലോംഗ്ജമ്പിൽ വെള്ളി മെഡൽ സ്വന്തമാക്കിയിരുന്നു. കരിയറിലെ ഏറ്റവും മികച്ച ദൂരമായ 6.68 മീറ്റർ ചാടിയാണ് താരം ഏഷ്യൻ ഗെയിംസിൽ രാജ്യത്തിനായി മെഡൽ നേടിയത്.