ന്യൂഡൽഹി: ആത്മനിർഭർ ഭാരതമെന്ന ലക്ഷ്യത്തിലേക്ക് ഒരുപടി കൂടി നടന്നുകയറി ഇന്ത്യൻ വ്യോമസേന. പ്രതിരോധ മേഖലയിൽ വിപുലമായ സ്വദേശിവത്കരണം നടപ്പാക്കുന്നതിനായി 3.15 ലക്ഷം കോടി രൂപയിലധികം തുകയുടെ പദ്ധതികൾക്കാണ് വ്യോമസേന രൂപം നൽകുന്നത്. രാജ്യത്തിന്റെ പ്രതിരോധ മേഖലയെ പരിവർത്തനം ചെയ്യാനും ആഭ്യന്തര ഉ്തപാദനം ശക്തിപ്പെടുത്താനും പദ്ധതി സഹായിക്കും. പ്രതിരോധ ശേഷിയിൽ ഇന്ത്യയുടെ സ്വാശ്രയത്വം ഉയർത്താനുമുള്ള പദ്ധതികൾക്കാണ് വ്യോമസേന തുടക്കം കുറിക്കുക. ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡുമായി ചേർന്നാകും ബൃഹത് പദ്ധതികൾ യാഥാർത്ഥ്യമാക്കുക.
180 ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് മാർക്ക്1 -A (LCA Mark1A), 156 ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകൾ (LCH), ലൈറ്റ് യൂട്ടിലിറ്റി ചോപ്പറുകൾ, മറ്റ് നിരവധി തന്ത്രപ്രധാനമായ ആയുധ സംവിധാനങ്ങൾ എന്നിവ ഉൾപ്പെടുത്തി രാജ്യത്തിന്റെ പ്രതിരോധ ശക്തി വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം. 1.2 ലക്ഷം കോടി രൂപയിലധികമാണ് LCA Mark1A പദ്ധതിക്കായി നീക്കി വെച്ചിരിക്കുന്നത്. ആദ്യഘട്ടത്തിൽ 83 LCA Mark1A വിമാനങ്ങൾക്കുള്ള കരാറിലാണ് IAF ഒപ്പുവെച്ചത്. ശേഷിക്കുന്ന 97 വിമാനങ്ങൾക്കായി പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണ്. സാങ്കേതികത്വവും നൂതന സംവിധാനങ്ങളും ഉപയോഗപ്പെടുത്തി വ്യോമസേനയുടെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള നിർണായക ചുവടുവെപ്പാണ് ഈ സംരംഭം അടയാളപ്പെടുത്തുന്നത്.
LCA Mark1A പദ്ധതിക്ക് പുറമേ Su-30MKI ഫൈറ്റർ ജെറ്റ് ഫ്‌ലീറ്റിനെ നവീകരിക്കുന്നതിനും വ്യോമസേന പദ്ധതിയിടുന്നുണ്ട്. 65,000 കോടി രൂപ ചെലവിലാകും നവീകരണം നടത്തുക. തുടക്കത്തിൽ ഏകദേശം 90 വിമാനങ്ങളെ നവീകരിക്കാൻ ലക്ഷ്യമിടുന്നു. ശേഷിക്കുന്ന 160-ലധികം വിമാനങ്ങളിലേക്ക് ക്രമേണ നവീകരണം വ്യാപിപ്പിക്കുമെന്നാണ് റിപ്പോർട്ട്. ശത്രുക്കളുടെ പ്രവർത്തനങ്ങളെ കുറിച്ചുള്ള രഹസ്യ വിവരങ്ങൾ ശേഖരിക്കുന്നതിനായി ചാരവിമാനം രൂപകൽപന ചെയ്യാനും വ്യോമസേന പദ്ധതിയിടുന്നു.