ബിആർഎസ് നേതാവും തെലങ്കാന മുഖ്യമന്ത്രിയുമായ കെ.സി.ആർ തന്നെ വന്ന് കണ്ടിരുന്നുവെന്നും എൻഡിഎയിൽ ചേരാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. തെലങ്കാനയിലെ സംഘടിപ്പിച്ച പൊതുറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിആർഎസ് എൻഡിഎയിൽ ചേരാൻ ആഗ്രഹിച്ചിരുന്നു എന്നാൽ കെസിആറിന്റെ ചെയ്തികൾ കാരണം ഒപ്പം കൂട്ടാൻ സാധിക്കില്ലെന്ന് പറഞ്ഞുവെന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്.
‘നിങ്ങളോട് ഒരു രഹസ്യം പറയാം. ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിന് മുമ്പുവരെ സംസ്ഥാനത്ത് എത്തുമ്പോഴെല്ലാം തന്നെ സ്വാഗതം ചെയ്യാൻ കെ.സി.ആർ വിമാനത്താവളത്തിൽ എത്തിയിരുന്നു, വലിയ ബോർഡുകൾ സ്ഥാപിക്കുന്നു, വൻ വരവേൽപ്പ് നൽകുന്നു. എന്നാൽ, തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കെ.സി.ആർ അതെല്ലാം നിർത്തി.
തിരഞ്ഞെടുപ്പിൽ ബിജെപി 48 സീറ്റുകൾ നേടിയപ്പോൾ കെസിആറിന് ബിജെപിയുടെ പിന്തുണ ആവശ്യമായിരുന്നു. തിരഞ്ഞെടുപ്പിന് ശേഷം കെ.സി.ആർ തന്നെ കാണാൻ ഡൽഹിയിൽ എത്തി. വലിയ ഷാൾ അണിയിച്ചു, അതീവ ബഹുമാനം പ്രകടിപ്പിക്കുന്നു ഇതിന് പിന്നിൽ എന്തോ ഉണ്ടെന്ന് അെേപ്പാ എനിക്ക് തോന്നി.
ഇതിന് പിന്നാലെ സംസാരിക്കുമ്പോൾ എൻഡിഎയിൽ ചേരാൻ ആഗ്രഹമുണ്ടെന്ന് കെ. സി.ആർ പറഞ്ഞു. അദ്ദേഹത്തിന് പിന്തുണ നൽകണമെന്നും ആവശ്യപ്പെട്ടു. എന്നാൽ, അദ്ദേഹത്തിന്റെ ചെയ്തികൾ കാരണം മോദിക്കൊ എൻഡിഎയ്‌ക്കൊ പിന്തുണയ്‌ക്കാൻ കഴിയില്ലെന്ന് ഞാൻ പറഞ്ഞു.’ – പ്രധാനമന്ത്രി റാലിയിൽ പറഞ്ഞു.















