ഗാങ്ടോക്ക്: സിക്കിമിൽ മേഘ വിസ്‌ഫോടനത്തെ തുടർന്ന് മിന്നൽ പ്രളയം. ലാചെൻ താഴ്വരയിലെ ടീസ്റ്റ നദിയിലുണ്ടായ വെള്ളപ്പൊക്കത്തിൽ 23 സൈനികരെ കാണാതായതായി റിപ്പോർട്ട്. സിംഗ്താമിന് സമീപമുള്ള ബർദാംഗിൽ പാർക്ക് ചെയ്തിരുന്ന സൈനിക വാഹനങ്ങൾ വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയി. കാണാതായവരെ കണ്ടെത്താനുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.
വടക്കൻ സിക്കിമിലെ ലൊനാക് തടാകത്തിന് മുകളിൽ പെട്ടെന്നുണ്ടായ മേഘവിസ്‌ഫോടനമാണ് വെള്ളപ്പൊക്കത്തിന് കാരണമായത്. ഇത് ടീസ്റ്റയിലെ ജലനിരപ്പ് പെട്ടെന്ന് ഉയരാൻ കാരണമായി. ചുങ്താങ് അണക്കെട്ടിൽ നിന്ന് വെള്ളം തുറന്നുവിട്ടത് സ്ഥിതിഗതികൾ വഷളാക്കുകയിരുന്നു. 20 അടിയോളം വരെ കുത്തൊഴുക്ക് അനുഭവപ്പെട്ടു. നദി കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് ടീസ്റ്റ നദിക്ക് കുറുകെയുള്ള സിങ്തം നടപ്പാലം തകർന്നു. ആർമി ക്യാമ്പുകൾ പ്രളയ ജലത്തിൽ മുങ്ങി.
പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ഭരണകൂടം മുൻകരുതൽ നടപടിയായി നദിയുടെ വൃഷ്ടിപ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കാൻ തുടങ്ങി. സിക്കിം സർക്കാർ സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.















