റോം: വെനീസിലെ മെസ്‌ട്രെയിൽ പ്രദേശവാസികളും വിദേശികളും സഞ്ചരിച്ച ബസ് പാലത്തിൽ നിന്ന് മറിഞ്ഞ് വൻ അപകടം. അപകടത്തിൽ രണ്ട് കുട്ടികളടക്കം 21 പേർ മരിച്ചു. 20-ഓളം പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസിൽ തിങ്ങി നിറഞ്ഞ് യാത്രക്കാർ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. ഇന്നലെ പുലർച്ചെയായിരുന്നു സംഭവം.
പാലത്തിൽ നിന്ന് താഴേയ്‌ക്ക് മറിഞ്ഞ ബസ് 30 മീറ്റർ താഴ്ചയിലേയ്‌ക്കാണ് വീണത്. വീഴ്ചയിൽ വൈദ്യുത ലൈനുകളിൽ തട്ടി ബസിന് തീപിടിച്ചതായാണ് പ്രാഥമിക നിഗമനം. മീഥേൻ ആണ് അപകടത്തിന് കാരണമായതെന്നും ആഭ്യന്തര മന്ത്രി മാറ്റിയോ പിയന്റഡോസി പറഞ്ഞു. മരണസംഖ്യ ഉയരാൻ സാദ്ധ്യതയുള്ളതായും അദ്ദേഹം പറഞ്ഞു.
ബസ് മെസ്ട്രെയ്‌ക്ക് സമീപത്തുള്ള പാലത്തിലിടിച്ച് താഴേയ്‌ക്ക് പതിക്കുകയായിരുന്നു. തുടർന്ന് ബസ് തീപിടിക്കുകയായിരുന്നു. അപകടത്തിൽ അനുശോചനം അറിയിക്കുന്നതായും സംഭവത്തിൽ അതീവ ദുഃഖിതനാണെന്നും വെനീസ് മേയർ ലൂയിജി ബ്രുഗ്‌നാരോ പറഞ്ഞു. സമൂഹമാദ്ധ്യമമായ എക്‌സിലൂടെയാണ് അദ്ദേഹം അനുശോചനം അറിയിച്ചത്.
അപകടത്തിൽ പ്രധാനമന്ത്രി ജോർജിയ മെലോണിയും അഗാധമായ ദുഃഖം രേഖപ്പെടുത്തി. അതേസമയം മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. ഇരയായവരിലും പരിക്കേറ്റവരിലും ഇറ്റലിക്കാർക്ക് പുറമേ മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവരും ഉൾപ്പെടുന്നു. ഡ്രൈവറുടെ അശ്രദ്ധയാണോ അപകട കാരണം എന്ന് അന്വേഷിച്ച് വരികയാണ്.















