തിരുവനന്തപുരം: ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് ഏഴിന് കേരളത്തിൽ. പത്ത് വരെ വിവിധ പരിപാടികളിൽ പങ്കെടുക്കും. 5,6,11 തീയതികളിൽ സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെയും വിവിധ പരിപാടികളിൽ പങ്കെടുക്കും.
അഞ്ച്, ആറ് തീയതികളിൽ ഏറ്റുമാനൂർ നന്ദാവനം ഓഡിറ്റോറിയത്തിൽ നടക്കുന്ന ആർഎസ്എസ് സംസ്ഥാന തല പ്രവർത്തക യോഗങ്ങളിൽ സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ മാർഗ ദർശനം നൽകും. ആറാം തീയതി വൈകുന്നേരം അഞ്ചിന് വൈക്കം സത്യഗ്രഹ ശതാബ്ദിയുടെ ഭാഗമായി ആർഎസ്എസ് കോട്ടയം ജില്ല വൈക്കത്ത് സംഘടിപ്പിക്കുന്ന പൂർണ ഗണവേഷ സാംഘിക്കിനെ അദ്ദേഹം അഭിസംബോധന ചെയ്യും.
ഏഴിന് വൈകിട്ട് 5.30-ന് കോഴിക്കോട് കേസരി ഭവനിൽ നടക്കുന്ന കേസരി അമൃതശതം പ്രഭാഷണ പരമ്പരയിൽ സർസംഘചാലക് സംസാരിക്കും. എട്ടിന് പുലർച്ചെ കായംകുളത്തെത്തുന്ന അദ്ദേഹം വള്ളിക്കാവ് അമൃതാ എൻജിനീയറിംഗ് സ്‌കൂളിൽ ചേരുന്ന സംഘചാലക് ശിബിരത്തിൽ മാർഗദർശനം നൽകും. വൈകുന്നേരം 3.30-ന് വള്ളിക്കാവ് ആശ്രമത്തിൽ മാതാ അമൃതാനന്ദമയീ ദേവിയെ സന്ദർശിക്കും.
10-ന് പുലർച്ചെ 6.45ന് ശ്രീപദ്മനാഭസ്വാമി ക്ഷേത്ര ദർശനം നടത്തും.തിരുവനന്തപുരത്ത് ചേരുന്ന പതിവ് സംഘടനാ യോഗത്തിലും സർസംഘചാലക് പങ്കെടുക്കും. 7.45-ന് രാജ്ഭവനിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തും. 11-ന് എറണാകുളത്ത് എത്തുന്ന സർകാര്യവാഹ് വൈകിട്ടോടെ മടങ്ങും.















