ജയ്പൂർ: ഊഞ്ഞാൽ ആടുന്നതിനിടയിൽ കയർ കഴുത്തിൽ കുരുങ്ങി പത്ത് വയസ്സുകാരന് ദാരുണാന്ത്യം. രാജസ്ഥാനിലെ ബാരൻ ജില്ലയിലെ ചബ്ര ടൗണിൽ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. വീട്ടിലെ കുഞ്ഞ് കുട്ടിയ്ക്ക് വേണ്ടി കെട്ടിയിരുന്നതാണ് ഊഞ്ഞാൽ.
ആദിലെന്ന കുഞ്ഞിന്റെ കഴുത്തിലാണ് ഊഞ്ഞാൽ കുരുങ്ങിയത്. കുട്ടിയുടെ വീട്ടിലെ ഊഞ്ഞാൽ തന്നെയാണ് കുരുങ്ങിയത്. മറ്റ് കുട്ടികൾക്കൊപ്പം വീട്ടിൽ ഊഞ്ഞാലിൽ ആടിക്കളിക്കുന്നതിനിടെ കയർ ആദിലിന്റെ കഴുത്തിൽ കുരുങ്ങുകയായിരുന്നു. തുടർന്ന് കുട്ടി ഛർദ്ദിക്കുകയും ബോധരഹിതനാവുകയും ചെയ്തതായി ചബ്ര പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ചുട്ടൻ ലാൽ പറഞ്ഞു.
സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. തുടർന്ന് പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം മാതാപിതാക്കൾക്ക് വിട്ടുകൊടുത്തതായി അദ്ദേഹം അറിയിച്ചു.















