ആലപ്പുഴ: സനാതന ധർമ്മത്തിന്റെ ആധുനിക കാലത്തെ ഋഷിവര്യനാണ് മഹർഷി അരവിന്ദനെന്ന് ഭാരതീയ വിചാര കേന്ദ്രം സംസ്ഥാന സംഘടനാ സെക്രട്ടറി വി. മഹേഷ്. അരവിന്ദനെ പഠിച്ചാൽ സനാതനധർമ്മം ബോധ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഭാരതീയ വിചാര കേന്ദ്രം ആലപ്പുഴ ജില്ലാ സമിതിയുടെ ആഭിമുഖ്യത്തിൽ മാവേലിക്കര വിദ്യാധിരാജ സെൻട്രൽ സ്‌കൂൾ ഹാളിൽ നടന്ന അരവിന്ദസ്മൃതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വി. മഹേഷ്.
‘നാടിന്റെ സ്വാതന്ത്ര്യ സമര പോരാട്ടത്തിൽ ദേശീയത സനാതന ധർമ്മമാണെന്നും അതിന്റെ ഉയർച്ചതാഴ്‌ച്ചകൾ ദേശീയതയേയും രാഷ്‌ട്രത്തേയും ബാധിക്കുമെന്നും മഹർഷി അരവിന്ദൻ അന്ന് പറഞ്ഞിട്ടുണ്ട്. ദേശീയതയേയും അരവിന്ദനേയും മനസ്സിലാക്കാത്തവരാണ് സനാതനധർമ്മത്തെ മതമായും വർണ്ണാശ്രമവുമായി ചിത്രീകരിക്കുന്നത്. ലോകത്തെ ഒന്നായി കാണുന്ന ഭാരതീയ ആത്മീയഭാവത്തിന്റെ ആവിഷ്‌കാര പദ്ധതിയാണ് സനാതന ധർമ്മം.
സർവ്വ ചരാചരങ്ങളേയും ഉൾക്കൊള്ളുന്ന സനാതന ധർമ്മം രാഷ്‌ട്രീയ വിഭജന ആശയവാദികൾ തെറ്റായി വ്യാഖ്യാനിക്കുന്നു. അതിർവരമ്പുകളില്ലാതെ ആത്മീയത പ്രദാനം ചെയ്യുന്ന ഭാരതീയതയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നത് നാടിന്റെ ഉയർച്ചയിലും പാരമ്പര്യത്തിലും വിശ്വാസമില്ലാത്തവരാണ്. വ്യക്തികളിലെ ശുദ്ധീകരണ ശാക്തീകരണ പ്രക്രിയയാണ് സനാതന ധർമ്മം നിലനിർത്താനുള്ള മാർഗ്ഗം.’- എന്ന് വി. മഹേഷ് വ്യക്തമാക്കി.















