ടെഹ്‌റാൻ: ഹിജാബ് ധരിച്ചില്ലെന്നാരോപിച്ച് ഇറാൻ പോലീസിന്റെ ആക്രമണത്തിന് ഇരയായ 16-കാരി കോമയിൽ. അർമിത ഗരാവന്ദ് എന്ന പെൺകുട്ടിയാണ് അതീവ ഗുരുതരാവസ്ഥയിൽ കഴിയുന്നത്. ടെഹ്‌റാൻ മെട്രോയിൽ വനിതാ പോലീസുകാരുടെ ആക്രമണത്തിലാണ് കുട്ടിക്ക് പരിക്കേറ്റത്. തുടർന്ന് ബോധരഹിതയായി. ചികിത്സയിൽ തുടരുന്നതിനിടെയാണ് കോമ അവസ്ഥയിലായത്.
എന്നാൽ കുട്ടിയെ ആക്രമിച്ചിട്ടില്ലെന്ന നിലപാടിലാണ് ഇറാൻ പോലീസും ഭരണകൂടവും. കഴുത്തിന് ചുറ്റും ബാൻഡേജുമായി ആശുപത്രിയിൽ കിടക്കയിൽ കഴിയുന്ന 16-കാരിയുടെ ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മെട്രോ സ്റ്റേഷനിൽ നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും ഇതിനിടയിൽ പുറത്തുവന്നു. ട്രെയിനിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ വനിതാ പോലീസ് ഉദ്യോഗസ്ഥർ അർമിതയെ മെട്രോയിലേക്ക് തള്ളിയിട്ടു. പിന്നീട് നിശ്ചലമായ ശരീരം ഉദ്യോഗസ്ഥർ ചേർന്ന് ചുമന്ന് കൊണ്ടുപോകുന്നതായും വീഡിയോയിൽ കാണാം. ഉദ്യോഗസ്ഥർ തള്ളിയിട്ടപ്പോൾ ബോധരഹിത ആയെന്നാണ് വിവരം. ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ പ്രതിഷേധം ശക്തമാകുകയാണ്.
ഹിജാബ് നിയമങ്ങൾ ലംഘിച്ചെന്നാരോപിച്ച് 22-കാരി മഹ്‌സ അമിനി കസ്റ്റഡിയിൽ കൊല്ലപ്പെട്ടത് സംബന്ധിച്ച പ്രക്ഷോഭങ്ങൾ നടക്കുന്നതിനിടെയാണ് സമാന സംഭവം വീണ്ടും റിപ്പോർട്ട് ചെയ്തത്. അമിനി കൊല്ലപ്പെട്ട് ഒരു വർഷം കഴിഞ്ഞെങ്കിലും ഇറാനിൽ സംഘർഷങ്ങൾ ഇപ്പോഴും തുടരുകയാണ്. അമിനിയുടെ മരണത്തിന് പിന്നാലെ ആയിരക്കണക്കിന് സത്രീകളാണ് തെരുവോരങ്ങളിൽ തടിച്ച് കൂടി ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങൾ നടത്തിയത്. ഇതിന്റെ പശ്ചത്താലത്തിൽ ആയിരക്കണക്കിന് പേർ അറസ്റ്റിലായി. നൂറു കണക്കിന് ആളുകൾ കൊല്ലപ്പെട്ടു.