കൊൽക്കത്ത: പ്രളയക്കെടുതി നേരിടുന്നതിനായി ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്ത് പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ഡോ സിവി ആനന്ദബോസ്. ഭാര്യ ലക്ഷ്മി ആനന്ദബോസിന്റെ ജന്മദിനത്തിലാണ് ഗവര്‍ണര്‍ തുക കൈമാറാന്‍ രാജ്ഭവന്‍ ഉദ്യോഗസ്ഥര്‍ക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.ഒക്ടോബർ രണ്ടിനായിരുന്നു സിവി ആനന്ദബോസിന്റെ ഭാര്യയുടെ ജന്മദിനം.
ഏഴ് ജില്ലകളിൽ വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യമാണ്. ഇത് കണക്കിലെടുത്താണ് ഗവർണർ തന്റെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ തീരുമാനിച്ചതായി രാജ്ഭവൻ അറിയിച്ചു. കൊൽക്കത്ത, കൂച്ച്‌ബെഹാർ, പുർബ മേദിനിപൂർ, ബാങ്കുര, ജൽപൈഗുരി, കലിംപോങ്, പുരുലിയ, പശ്ചിമ മേദിനിപൂർ, സൗത്ത് 24 പർഗാനാസ് ജില്ലകളിലാണ് ശക്തമായ മഴ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് വിവിധ ഇടങ്ങളിലായി 35 ദുരിതാശ്വാസ ക്യാംപുകളാണ് തുറന്നിരിക്കുന്നത്.















