തിരുവനന്തപുരം: കോട്ടയ്‌ക്കകത്ത് നടക്കുന്ന നവരാത്രി പൂജയ്‌ക്കായി പദ്മനാഭപുരം കൊട്ടാരത്തിൽ നിന്നുള്ള നവരാത്രി വിഗ്രഹങ്ങളുടെ എഴുന്നള്ളത്ത് 12-ന് ആരംഭിക്കും. ഘോഷയാത്രയിൽ കൊണ്ടു വരാനായി ശുചീന്ദ്രത്തുനിന്നുള്ള മുന്നൂറ്റിനങ്ക വിഗ്രഹത്തെ 11-ന് രാവിലെ പദ്മനാഭപുരത്തേക്ക് എഴുന്നള്ളിക്കും. മൂന്നു ദിവസത്തെ യാത്രയ്‌ക്കുശേഷം 14-ന് വൈകീട്ട് വിഗ്രഹഘോഷയാത്ര തലസ്ഥാനത്തെത്തും. പദ്മതീർഥക്കരയിലെ നവരാത്രി മണ്ഡപത്തിൽ 15-ന് രാവിലെ സരസ്വതീ ദേവിക്ക് പൂജവയ്‌ക്കും.
പദ്മനാഭപുരം കൊട്ടാരവളപ്പിലെ തേവാരക്കെട്ട് സരസ്വതീദേവി, വേളിമല കുമാരസ്വാമി, ശുചീന്ദ്രം മുന്നൂറ്റിനങ്ക എന്നീ ദേവവിഗ്രഹങ്ങളാണ് ഘോഷയാത്രയ്‌ക്ക് വേണ്ടി തിരുവനന്തപുരത്തേക്ക് കൊണ്ട് വരുന്നത്. കൊട്ടാരത്തിലെ ഉപ്പിരിക്ക മാളികയിൽ സൂക്ഷിക്കുന്ന ഉടവാൾ ഘോഷയാത്രയിൽ അകമ്പടിയായി കൊണ്ടുവരും. എഴുന്നള്ളത്തിനു മുന്നോടിയായി 12-ന് രാവിലെ കൊട്ടാരത്തിൽ ഉടവാൾ കൈമാറ്റം നടക്കും. കേരളത്തിലെയും തമിഴ്‌നാട്ടിലെയും മന്ത്രിമാർ ഉൾപ്പെടെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.
12-ന് പുറപ്പെടുന്ന വിഗ്രഹഘോഷയാത്രയ്‌ക്ക് അന്ന് രാത്രി കുഴിത്തുറ മഹാദേവ ക്ഷേത്രത്തിലും 13-ന് രാത്രി നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലും ഇറക്കിപ്പൂജ നടത്തും. 14-ന് വൈകീട്ട് കരമനനിന്നും സാഘോഷമായ എഴുന്നള്ളത്ത് കിഴക്കേക്കോട്ടയിലേക്കും പുറപ്പെടും. കവടിയാർ രാജകുടുംബാംഗങ്ങൾ വിഗ്രഹങ്ങൾക്ക് രാജോചിതമായ വരവേൽപ്പ് നൽകും. സരസ്വതീദേവിയെ കോട്ടയ്‌ക്കകം പടക്കശാലയിലും കുമാരസ്വാമിയെ ആര്യശാല ഭഗവതിക്ഷേത്രത്തിലും മുന്നൂറ്റിനങ്കയെ ചെന്തിട്ട ഭഗവതിക്ഷേത്രത്തിലും പൂജയ്‌ക്കിരുത്തും. ഘോഷയാത്രയ്‌ക്ക് കേരളത്തിലെയും കന്യാകുമാരി ജില്ലയിലെയും പോലീസ്, റവന്യൂ, ദേവസ്വം വകുപ്പുകളാണ് നേതൃത്വം നൽകുന്നത്.
15 മുതൽ 24 വരെയാണ് നവരാത്രി ഉത്സവം. ഈ ദിവസങ്ങളിൽ നവരാത്രി മണ്ഡപത്തിൽ പ്രശസ്ത സംഗീതജ്ഞർ പങ്കെടുക്കുന്ന നവരാത്രി സംഗീതോത്സവം അരങ്ങേറും. 22-ന് ദുർഗാഷ്ടമിയും 23-ന് മഹാനവമിയും. 24-ന് രാവിലെ പൂജയെടുപ്പിനെത്തുടർന്ന് വിദ്യാരംഭവും ഉണ്ടായിരിക്കും. നവരാത്രി പൂജയ്‌ക്കുശേഷം 25-ന് വിഗ്രഹങ്ങൾക്ക് നല്ലിരുപ്പാണ്. 26-ന് തിരുവനന്തപുരത്തുനിന്നും വിഗ്രഹങ്ങളുടെ തിരിച്ചെഴുന്നള്ളത്ത് ആരംഭിക്കും. 28-ന് വിഗ്രഹങ്ങൾ പദ്മനാഭപുരത്ത് മാതൃക്ഷേത്രങ്ങളിലേക്ക് മടങ്ങിയെത്തും.















