ബംഗളുരു: കഴിഞ്ഞ വർഷം ഭാരതീയ ജനതാ പാർട്ടി പ്രവർത്തകൻ പ്രവീൺ നെട്ടറുവിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ മൂന്ന് പേരുടെ ജാമ്യാപേക്ഷ കർണാടക ഹൈക്കോടതി തള്ളി.കൊലപാതകത്തിൽ പ്രതികളുടെ സജീവ പങ്കാളിത്തമുണ്ടെന്നു കണ്ടെത്തിയ കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു. ജസ്റ്റിസുമാരായ എച്ച് ബി പ്രഭാകര ശാസ്ത്രി , അനിൽ ബി കാട്ടി എന്നിവരടങ്ങിയ ബെഞ്ച് ആണ് വിധിച്ചത്.
സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) അംഗങ്ങളായ ഇസ്മായിൽ ഷാഫി കെ, കെ മഹമ്മദ് ഇഖ്ബാൽ, ഷഹീദ് എം എന്നിവർക്ക് ഈ വർഷം ഏപ്രിലിൽ പ്രത്യേക എൻഐഎ കോടതി ജാമ്യം നിഷേധിച്ചിരുന്നു.
മൂന്ന് പ്രതികളിൽ രണ്ട് പേർ മസൂദ് എന്നയാളുടെശവസംസ്കാര ചടങ്ങിൽ പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തിയെന്നും പ്രമുഖ ഹിന്ദു സമുദായ നേതാക്കളെ കൊലപ്പെടുത്തി പ്രതികാരം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ദേശീയ അന്വേഷണ ഏജൻസി (എൻഐഎ)തയ്യാറാക്കിയ കുറ്റപത്രത്തിൽ പറയുന്നു. ഇരയെ ആക്രമിക്കാനുള്ള പദ്ധതിയുടെ രേഖാചിത്രം തയ്യാറാക്കിയത് മൂന്നാമനാണ്.
നെട്ടാരുവിനു നേരെ ആക്രമണം നടക്കുമ്പോൾ മൂന്ന് പ്രതികളും അവിടെ ഉണ്ടായിരുന്നില്ലെന്ന് കാണിച്ചിട്ടുണ്ടെങ്കിലും ഗൂഢാലോചന നടത്തുന്നതിന് അതിന്റെ ആവശ്യമില്ലെന്ന് കോടതി പറഞ്ഞു. മൂവരും ഒരു ഗൂഢാലോചന യോഗത്തിൽ പങ്കെടുത്തതായും നെട്ടാരുവിനെ കൊല്ലാനുള്ള പദ്ധതിയെക്കുറിച്ച് ചർച്ച ചെയ്തതായും പറയപ്പെടുന്നു. ഇവർ പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തിയെന്ന ആരോപണം ശരിവയ്‌ക്കുന്നതായി നാല് സാക്ഷികളുടെ മൊഴികൾ തെളിയിക്കുന്നതായി കോടതി ചൂണ്ടിക്കാട്ടി.
തുടർന്ന് ഈ കേസിൽ ചുമത്തിയ യുഎപി നിയമത്തിലെ 18-ാം വകുപ്പ് നില നിൽക്കുമെന്നും കോടതി പറഞ്ഞു.