ഗാങ്‌ടോക്ക്: മിന്നൽ പ്രളയമുണ്ടായ സിക്കിമിലെ സ്ഥിതിവിവരങ്ങൾ വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. സിക്കിം മുഖ്യമന്ത്രി പ്രേം സിംഗ് തമാംഗുമായി ഫോണിൽ സംസാരിച്ച അദ്ദേഹം എല്ലാ പിന്തുണയും ഉറപ്പുനൽകി.
കഴിഞ്ഞ രണ്ടു ദിവസമായി തുടരുന്ന കനത്ത മഴക്കൊപ്പം മേഘവിസ്ഫോടനം കൂടി ഉണ്ടായതോടെയാണ് വടക്കൻ സിക്കിമിൽ ലാചെൻ താഴ്വര പ്രളയത്തിൽ മുങ്ങിയത്. മിന്നൽ പ്രളയത്തിൽ ടീസ്ത നദിയിലെ ജലനിരപ്പ് ഉയർന്ന് നദി തീരത്തുള്ള സൈനിക ക്യാമ്പുകളിലേക്ക് വെള്ളം കയറുകയായിരുന്നു. ടെന്റുകളും സൈനിക വാഹനങ്ങളും പ്രളയത്തിൽ ഒഴുകിപ്പോയി. 23 സൈനികർ ഉൾപ്പടെ നിരവധി പേരെ കാണാതായി. അഞ്ചുപേരുടെ മൃതദേഹം കണ്ടെടുത്തു. ഏഴ് പേരെ ദേശീയ ദുരന്ത നിവാരണ സേന രക്ഷപ്പെടുത്തി. പ്രളയത്തിൽ കുടുങ്ങിക്കിടക്കുന്നവരിൽ മലയാളികളും ഉണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
വടക്കൻ സിക്കിമിലെ ലൊനാക് തടാകത്തിന് മുകളിൽ പെട്ടെന്നുണ്ടായ മേഘവിസ്ഫോടനമാണ് വെള്ളപ്പൊക്കത്തിന് കാരണമായത്. ഇത് ടീസ്റ്റയിലെ ജലനിരപ്പ് പെട്ടെന്ന് ഉയരാൻ കാരണമായി. ചുങ്താങ് അണക്കെട്ടിൽ നിന്ന് വെള്ളം തുറന്നുവിട്ടത് സ്ഥിതിഗതികൾ വഷളാക്കുകയിരുന്നു. 20 അടിയോളം വരെ കുത്തൊഴുക്ക് അനുഭവപ്പെട്ടു. നദി കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് ടീസ്റ്റ നദിക്ക് കുറുകെയുള്ള സിങ്തം നടപ്പാലം തകർന്നു. പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ജില്ലാഭരണകൂടം മുൻകരുതൽ നടപടിയായി നദിയുടെ വൃഷ്ടിപ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. സിക്കിം സർക്കാർ സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.















