അച്ഛനുമായി ചെറിയൊരു സൗന്ദര്യപ്പിണക്കത്തിൽ ഏർപ്പെട്ടതോടെ എട്ട് വയസുകാരിയുടെ വിധം മാറി. മറ്റൊന്നും ചിന്തിക്കാതെ അവൾ ഒരു ബോർഡ് തയാറാക്കി വീടിന് മുന്നിൽ തൂക്കി. ‘അച്ഛൻ വിൽപ്പനയ്ക്ക്, വില 2,00,000. കൂടുതൽ വിവരങ്ങൾക്കായി ബെല്ലടിക്കുക.’ എന്നായിരുന്നു കുറിപ്പിലുണ്ടായിരുന്നത്. അച്ഛൻ ഇനി ഈ വീട്ടിൽ വേണ്ടെന്നും ആർക്കെങ്കിലും ആവശ്യമുണ്ടെങ്കിൽ കൊണ്ടുപൊയ്‌ക്കോട്ടെയെന്നും തീരുമാനം എടുക്കാൻ അധികനേരം വേണ്ടി വന്നില്ല.
അധികം വൈകാതെ തന്നെ ഇതിന്റെ ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി. എക്‌സിലൂടെ ചിത്രം പങ്കുവെച്ചത് കുട്ടിയുടെ അച്ഛൻ തന്നെയാണ്. മകളുടെ കുറിപ്പിന്റെ ചിത്രവും ഇതിന് പിന്നിലെ കാരണവും അദ്ദേഹം പങ്കുവെച്ചിരുന്നു. കൂടാതെ മറ്റൊരു കാര്യം കൂടി അദ്ദേഹം കുറിച്ചു. എനിക്ക് തോന്നുന്നത് മതിയായ വില എനിക്ക് നൽകിയിട്ടില്ല എന്നാണ് അദ്ദേഹം കുറിച്ചത്.
നിരവധി കമന്റുകളാണ് ഇതിനോടകം തന്നെ പോസ്റ്റിന് താഴെ നിറഞ്ഞിരിക്കുന്നത്. ഒരു എട്ടുവയസുകാരിയുടെ കാഴ്ചപ്പാടിൽ രണ്ട് ലക്ഷം രൂപയെന്നത് ഒരു ഭീമമായ തുകയാണെന്നും അതിനാൽ വിഷമിക്കേണ്ടതില്ലെന്നും ഒരാൾ കമന്റ് ചെയ്തു.















