കോഴിക്കോട്: ഗവ. മെഡിക്കൽ കോളേജ് ഐസിയു പീഡന കേസിൽ പ്രതിയായ അറ്റൻഡർ ശശീന്ദ്രനെതിരായ വകുപ്പ് തല അന്വേഷണത്തിന്റെ ഭാഗമായി അന്തിമവാദം കേൾക്കൽ ആരംഭിച്ചു. ഫോറൻസിക് വിഭാഗത്തിലെ ഡോക്ടർമാരുടെ നേതൃത്വത്തിലാണ് വാദം കേൾക്കുന്നത്.
ഒരു മാസത്തിനകം ഇവർ റിപ്പോർട്ട് സമർപ്പിക്കും ഇതിന്റെ അടിസ്ഥാനത്തിലാണ് തുടർനടപടികൾ ഉണ്ടാവുക. ശസ്ത്രക്രിയ ഐസിയുവിൽ യുവതിയെ പീഡിപ്പിച്ചു എന്ന പരാതിയിൽ ശശീന്ദ്രനെ നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു.
അതേസമയം പരിശോധന നടത്തിയ ഗൈനക്കോളജിസ്റ്റിന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടില്ലെന്നും അതിനാൽ അതിജീവിതയുടെ പരാതിയിൽ തുടർനടപടികളെടുത്തിട്ടില്ലെന്നുമുള്ള മെഡിക്കൽ കോളേജ് അസി. കമ്മീഷണറുടെ റിപ്പോർട്ടിനെതിരേ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് അതിജീവിത. ഗൈനക്കോളജിസ്റ്റ് സ്ത്രീയെന്ന പരിഗണനപോലും നൽകാതെയാണ് പെരുമാറിയതെന്നും അതിജീവിത പറഞ്ഞു. സർക്കാർ ഒപ്പമുണ്ടെന്ന് പറയുമ്പോഴും സംഘടനാബലവും അധികാരവും കൊണ്ട് ചിലർ സത്യത്തെ മൂടിവെയ്‌ക്കാൻ ശ്രമിക്കുകയാണെന്നും പുനരന്വേഷണം ആവശ്യപ്പെടുമെന്നും അതിജീവിത വ്യക്തമാക്കിയിട്ടുണ്ട്.















