തിരുവനന്തപുരം:ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട നിയമന കോഴക്കേസിൽ കെ.പി ബാസിതിനെ വീണ്ടും ചോദ്യം ചെയ്യും. പരാതിക്കാരനായ ഹരിദാസന്റെ സുഹൃത്ത് കെ.പി ബാസിതിനോട് വീണ്ടും ഹാജരാകാൻ പോലീസ് ആവശ്യപ്പെട്ടു. ശനിയാഴ്ച തിരുവനന്തപുരം കന്റോൺമെന്റ് സ്റ്റേഷനിൽ ഹാജരാകണമെന്നാണ് പോലീസ് നിർദ്ദേശം. എ.ഐ.എസ്.എഫ് മലപ്പുറം മുൻ ജില്ലാ അദ്ധ്യക്ഷനാണ് ബാസിത്.
അതേസമയം നിയമന കോഴ തട്ടിപ്പ് കേസിലെ മുഖ്യപ്രതി അഖിൽ സജീവ് കോട്ടയത്തും വൻ തട്ടിപ്പ് നടത്തിയതായി പോലീസ് അറിയിച്ചു. കഴിഞ്ഞദിവസം അറസ്റ്റ് ചെയ്ത റഹീസിന്റെ വാട്‌സ്ആപ്പ് ചാറ്റിൽ നിന്നാണ് വിവരങ്ങൾ ലഭിച്ചത്. സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ സംഘം തട്ടിപ്പ് നടത്തിയതായും സംശയമുണ്ട്. കോട്ടയം മെഡിക്കൽ കോളേജിൽ സെക്യൂരിറ്റി നിയമനം നൽകാമെന്ന് പറഞ്ഞ് ഏജൻസിയിൽ നിന്നും പണം തട്ടിയെന്നും കണ്ടെത്തിയിട്ടുണ്ട്.
കേസിലെ മറ്റ് പ്രതികളായ ലെനിനും അഖിൽ സജീവും റഹീസും കൂടാതെ കോട്ടയം കേന്ദ്രീകരിച്ച് നടത്തുന്ന ചില തട്ടിപ്പ് സംഘങ്ങളും ഇതിനുപിന്നിൽ ഉണ്ടെന്നും സൂചനയുണ്ട്. ഇക്കാര്യത്തിൽ പോലീസ് പ്രത്യേകം കേസെടുത്ത് അന്വേഷണം നടത്തും. കോട്ടയം എസ്പിക്ക് കന്റോൺമെന്റ് പോലീസ് ഇന്ന് തന്നെ റിപ്പോർട്ട് കൈമാറും. റഹീസിനെ വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും. എന്നാൽ പരാതി ഉന്നയിച്ച മലപ്പുറം സ്വദേശി ഹരിദാസ് ഇതുവരെ കന്റോൺമെന്റ് സ്റ്റേഷനിൽ ഹാജരായിട്ടില്ല.