ഹാങ്‌ചോ; ഗെയിംസ് ചരിത്രത്തിലെ ഏറ്റവും വലിയ മെഡല്‍ വേട്ടയുമായി കുതിക്കുന്ന ഇന്ത്യയെ തളര്‍ത്താന്‍ ഏഷ്യന്‍ ഗെയിംസില്‍ ഗൂഢ ശ്രമമുണ്ടെന്ന് ഒളിമ്പ്യനും ഇന്ത്യന്‍ ടീമിന്റെ മാനേജറുമായ അഞ്ജു ബോബി ജോര്‍ജ്.ഏഷ്യന്‍ ഗെയിംസ് അത്ലറ്റിക്‌സില്‍ ഇന്ത്യന്‍ ടീമംഗങ്ങളുടെ പ്രകടനം മോശമാക്കാന്‍ ചൈനീസ് ഒഫിഷ്യലുകള്‍ തുടര്‍ച്ചയായി ശ്രമിക്കുന്നു. പുരുഷ ജാവലിന്‍ത്രോയില്‍ നീരജ് ചോപ്രയുടെ ത്രോ അളക്കാത്തതില്‍ ദുരൂഹതയുണ്ട്.അതുവരെയുണ്ടാകാത്ത സാങ്കേതികപ്പിഴവ് അപ്പോള്‍ ഉണ്ടായത് എങ്ങനെയെന്ന് അറിയില്ല. അവന്റേത് മികച്ച ത്രോയായിരുന്നു. അന്നു റാണിയുടെ കാര്യത്തിലും സമാന അപാകതയുണ്ടായി.
പുരുഷ ലോംഗ് ജമ്പില്‍ ഫൈനലിനിടെ മലയാളി താരം എം.ശ്രീശങ്കറിന്റെ ദൂരം അളന്നതിലും ക്രമക്കേടുണ്ടായി. കിഷോര്‍ കുമാര്‍ ജനയുടെ പ്രകടനത്തിനിടെ വ്യാജ ഫൗള്‍ വിളിക്കാനും ശ്രമമുണ്ടായി. കഴിഞ്ഞ ദിവസം വനിതാ 100 മീറ്റര്‍ ഹര്‍ഡില്‍സ് ഫൈനലിനിടെ അനാവശ്യമായ ഫൗള്‍ സ്റ്റാര്‍ട്ട് വിവാദം ഉണ്ടാക്കി ജ്യോതി യാരാജിയെ മാനസികമായി തകര്‍ക്കാന്‍ ശ്രമിച്ചു. ഇന്ത്യ തുടര്‍ച്ചയായി മെഡല്‍ നേടുന്നത് ചൈനയെ അലോസരപ്പെടുത്തുന്നതാകും കാരണം.
ഒളിംപിക്‌സ് ചാപ്റ്ററിന്റെ നഗ്നമായ ലംഘനമാണ് നടക്കുന്നത് ഇത് ഇന്ത്യ ചോദ്യം ചെയ്യും. ഒഫിഷ്യലുകള്‍ക്കെതിരെ രാജ്യാന്തര ഒളിംപിക് കമ്മിറ്റിക്ക് പരാതി നല്‍കുമെന്നും അത്‌ലറ്റിക് ഫെഡറേഷന്‍ സീനിയര്‍ വൈസ് പ്രസിഡന്റുകൂടിയായ അഞ്ജു പറഞ്ഞു.















