ന്യൂഡൽഹി : സനാതനധർമ്മത്തിലുള്ള അളവറ്റ വിശ്വാസം മൂലം ഹരിദ്വാറിൽ വച്ച് വിവാഹം കഴിക്കാനെത്തി റഷ്യൻ സ്വദേശികൾ . ഹരിദ്വാറിലെ അഖണ്ഡ് പരംധാം ആശ്രമത്തിൽ വെച്ചാണ് മൂന്ന് റഷ്യൻ ദമ്പതികൾ ഇന്ത്യൻ ആചാരപ്രകാരം വിവാഹിതരായത് . ഇതിന്റെ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. മുസ്ലീം, ക്രിസ്ത്യൻ മതങ്ങളിൽപ്പെട്ടവരാണ് വൈദിക ആചാരപ്രകാരം വിവാഹം നടത്താനുള്ള ആഗ്രഹത്താൽ ഇന്ത്യയിൽ എത്തിയത് .
ഇവരിൽ രണ്ട് ദമ്പതികൾ നേരത്തേ വിവാഹിതരാണെങ്കിലും സനാതന ധർമ്മത്തിലുള്ള വിശ്വാസം മൂലം വൈദിക പാരമ്പര്യമനുസരിച്ച് അവർ വീണ്ടും വിവാഹിതരാകുകയായിരുന്നു . ശ്രീരാമജന്മഭൂമി ട്രസ്റ്റ് അംഗം സ്വാമി പർമാനന്ദ സരസ്വതിയുടെ സാന്നിധ്യത്തിൽ നടന്ന വിവാഹത്തിന് മുമ്പ് ദമ്പതികളുടെ റഷ്യൻ സുഹൃത്തുക്കൾ വിവാഹ ഘോഷയാത്രയും നടത്തി. ക്ഷേത്രത്തിൽ ഇവർക്കായി പ്രത്യേക പൂജകളും നടത്തിയിരുന്നു .
മഹാമണ്ഡലേശ്വര് പരമാനന്ദ മഹാരാജ് പുഷ്പവൃഷ്ടി നടത്തി ജാഥയെ സ്വീകരിച്ചു. 40 റഷ്യൻ പൗരന്മാരുടെ ഒരു സംഘം വേദാന്ത സമാഗമത്തിൽ പങ്കെടുക്കാനാണ് ആശ്രമത്തിലെത്തിയത്. മൂന്ന് ദമ്പതികളും ഈ സംഘത്തിനൊപ്പമാണ് എത്തിയത് .
റഷ്യയിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നും ആളുകൾ ഇന്ത്യയിൽ വന്ന് ആത്മീയത പഠിക്കുന്നു എന്നത് ഇന്നത്തെ സത്യമാണ്. ഇവിടുത്തെ ആചാരപ്രകാരമാണ് ഇവരുടെ വിവാഹം. ഇതെല്ലാം കണ്ട് ആളുകൾ തീർച്ചയായും അത്ഭുതപ്പെടും. എല്ലാത്തിനുമുപരി, നിരീശ്വരവാദമുള്ള ഒരു നാട്ടിൽ നിന്നുള്ള ആളുകൾ നമ്മുടെ മതത്തിന്റെ ആചാരപ്രകാരം വിവാഹം കഴിക്കാൻ ഇവിടെ വരുന്നു. യോഗ, ധ്യാനം പഠിക്കുന്നു. ഇതെല്ലാം തന്നെ വലിയ കാര്യമാണ്. – മഹാമണ്ഡലേശ്വര് സ്വാമി പരമാനന്ദ ഗിരി പറഞ്ഞു