ഡൽഹി: അധികാരങ്ങളിലല്ല, ശാക്തീകരണത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി എന്നും വിശ്വസിക്കുന്നതെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. പ്രധാനമന്ത്രി എന്നും ജനങ്ങളെ ശാക്തീകരിക്കുന്നതിന് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഡൽഹിയിലെ ശ്രീറാം കോളേജ് ഓഫ് കൊമേഴ്‌സിന്റെ 97-ാമത് വാർഷിക ദിനാചരണത്തോടനുബന്ധിച്ച് നടന്ന പൊതു സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു നിർമ്മല സീതാരാമൻ.
ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറുമെന്ന കാര്യത്തിൽ തർക്കമില്ല. അതിന്റെ ക്രെഡിറ്റ് ഞങ്ങൾക്കല്ല, രാജ്യത്തെ ജനങ്ങൾക്കാണ് ലഭിക്കേണ്ടത്. ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയെ പത്താം സ്ഥാനത്ത് നിന്ന് അഞ്ചാം സ്ഥാനത്തേക്ക് മോദി സർക്കാർ കൊണ്ടുവന്നു. അത് ഇനി മൂന്നാം സ്ഥാനത്തെത്തിക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ ഇന്ത്യയിലുണ്ടായ വിദേശ നിക്ഷേപത്തിൽ വളരെ വലിയ വർദ്ധനവാണ് രേഖപ്പെടുത്തിയത്. 2014- 2023 കാലത്തെ വിദേശ നിക്ഷേപം 595.25 ബില്യൺ യുഎസ് ഡോളറാണ്. ഇത് കഴിഞ്ഞ 23 വർഷങ്ങളിലെ മൊത്തം വിദേശ നിക്ഷേപത്തിന്റെ 65 ശതമാനത്തിലധികമാണ്. സമ്പദ്വ്യവസ്ഥയിൽ മാറ്റം സൃഷ്ടിക്കാൻ കേന്ദ്ര സർക്കാർ അക്ഷീണം പ്രയത്നിച്ചു. ഇതിനായി നിരവധി പദ്ധതികളാണ് സർക്കാർ നടപ്പിലാക്കിയത്.
സ്ത്രീ-പുരുഷ തുല്യതയ്‌ക്കായി ബേട്ടി ബച്ചാവോ ബേട്ടി പഠാവോ സ്‌കീം, സ്റ്റാൻഡ്-അപ്പ് ഇന്ത്യയ്‌ക്ക് കീഴിൽ സ്ത്രീകൾക്ക് സബ്‌സിഡിയോട് കൂടി വായ്പകൾ എന്നിവ കൊണ്ടുവന്നു. രാജ്യത്ത് ആരും പട്ടിണി കിടക്കരുതെന്ന് ഉറപ്പിക്കാൻ ‘ഗരീബ് കല്യാൺ അന്ന യോജന’ പദ്ധതിയ്‌ക്ക് പ്രധാനമന്ത്രി തുടക്കമിട്ടു. ഈ പദ്ധതിയ്‌ക്ക് കീഴിൽ 80 കോടി ജനങ്ങൾക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്തു. സ്വന്തം നാട്ടിൽ തന്നെ ജോലി ചെയ്യാൻ രാജ്യത്തെ പൗരന്മാരെ ഞങ്ങൾ പ്രാപ്തരാക്കി. കുടിയേറ്റ തൊഴിലാളികളുടെ എണ്ണത്തിൽ വലിയ മാറ്റമാണ് ഇന്നുള്ളത്- കേന്ദ്രമന്ത്രി പറഞ്ഞു.