ഒക്ടോബർ അവസാനത്തോടെ ഗഗൻയാൻ ദൗത്യത്തിന്റെ ആദ്യ അബോർട്ട് ടെസ്റ്റിന് സജ്ജമാകുന്നുവെന്ന് ഇസ്രോ. ആദ്യ ബഹിരാകാശ യാത്രാ ദൗത്യമായ ഗഗൻയാന്റെ പ്രധാന സുരക്ഷാ സവിശേഷതയായ ക്രൂ എസ്‌കേപ്പ് സിസ്റ്റത്തിന്റെ നിർണായകമായ ഇൻഫ്‌ലൈറ്റ് അബോർട്ട് ടെസ്റ്റിന് സജ്ജമാകുകയാണ്. ഒക്ടോബർ അവസാനത്തോടെ പരീക്ഷണം നടത്താനാണ് നീക്കം. ക്രൂ എസ്‌കേപ്പ് സിസ്റ്റം രൂപകൽപ്പന ചെയ്തിരിക്കുന്നത് ലോഞ്ച് വേളയിൽ അടിയന്തിര സാഹചര്യം ഉണ്ടാകുകയാണെങ്കിൽ ക്രൂ മൊഡ്യൂളിനെ ലോഞ്ച് വെഹിക്കിളിൽ നിന്നും വേഗത്തിൽ വേർതിരിക്കുന്നതിന് വേണ്ടിയാണ്.
ഗഗൻയാൻ ദൗത്യത്തിന് കീഴിൽ പദ്ധതിയിട്ടിരിക്കുന്ന നാല് അബോർട്ട് ടെസ്റ്റുകളിൽ ആദ്യത്തേതാണ് ഇത്. ടെസ്റ്റ് വെഹിക്കിൾ ടിവി-ഡി1-ലാണ് വിക്ഷേപിക്കുക. രണ്ടാമത്തെ പരീക്ഷണ വാഹനം ടിവി-ഡി2 ഗഗൻയാനിന്റെ ആദ്യ അൺക്രൂഡ് ദൗത്യവും ഇതിന് ശേഷമാകും നടക്കുക. ദൗത്യത്തിന്റെ ഏറ്റവും നിർണായക ഘടകമായി കണക്കാക്കുന്നത് സിഇഎസ് ആണ്. പ്രതിസന്ധികളെ നേരിടുന്നതിനായി സിഇഎസിന്റെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനാണ് പരീക്ഷണത്തിലൂടെ ലക്ഷ്യം വെയ്‌ക്കുന്നത്.
തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇസ്രോയുടെ വിക്രം സാരാഭായ് സ്‌പേസ് സെന്ററാണ് പരീക്ഷണങ്ങൾക്ക് നേതൃത്വം വഹിക്കുന്നത്. ദൗത്യം വഹിക്കുന്ന എല്ലാ വാഹനങ്ങളും മറ്റ് സംവിധാനങ്ങളും വിക്ഷേപണ കേന്ദ്രമായ ശ്രീഹരിക്കോട്ടയിൽ എത്തിയിട്ടുണ്ടെന്നും അന്തിമഘട്ട ഒരുക്കങ്ങളിലാണെന്നും വിഎസ്എസ്‌സി ഡയറക്ടർ എസ് ഉണ്ണികൃഷ്ണൻ നായർ പറഞ്ഞു.















