ന്യൂഡൽഹി: മഹാദേവ് അനധികൃത വാതുവയ്പ്പ് ആപ്പ് കേസിൽ ശ്രദ്ധ കപൂറിന് ഇഡി നോട്ടീസ്. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. രൺബീർ കപൂർ, ഹൂമ ഖുറേഷി, ഹിനാ ഖാൻ എന്നിവർക്ക് ഇഡി നോട്ടീസ് നൽകിയിരുന്നു.
ഹാജരാകാൻ രൺബീർ കപൂർ കൂടുതൽ സമയം ആവശ്യപ്പെട്ടതായാണ് വിവരം. രണ്ടാഴ്ചയാണ് താരം ആവശ്യപ്പെട്ടിരിക്കുന്നത്. ഹൂമ ഖുറേഷി, ഹിനാ ഖാൻ എന്നിവർ ഇതുവരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. സണ്ണി ലിയോണി, ജാക്കി ഷ്രോഫ് എന്നിവരും കേസുമായി ബന്ധപ്പെട്ട് ഇഡിയുടെ നിരീക്ഷണത്തിലാണെന്നാണ് വിവരം. ദുബായിൽ നടന്ന കമ്പനിയുടെ വിജയാഘോഷത്തിൽ പങ്കെടുത്ത കപിൽ ശർമ്മയ്‌ക്കും ഇഡി നോട്ടീസ് നൽകിയിട്ടുണ്ട്.
കേസിൽ ഇതുവരെ 4 പേർ അറസ്റ്റിലായി. സെലബ്രിറ്റികൾ ഉൾപ്പെടെ 100 ഓളം പേർ നിരീക്ഷണത്തിലാണ്. ആപ്പിന്റെ പ്രൊമോട്ടർമാരിൽ ഒരാളായ സൗരഭ് ചന്ദ്രകാറിന്റെ വിവാഹത്തിൽ പങ്കെടുത്ത സെലബ്രിറ്റികളെ കേന്ദ്രീകരിച്ചും ഇഡി അന്വേഷണം നടത്തുന്നുണ്ട്. കേസിൽ വിവിധ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് ഇഡി പരിശോധന നടത്തിവരികയാണ്.
ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ബെറ്റിംഗ് ആപ്പാണ് മഹാദേവ്. ഇവർ ഇന്ത്യയിൽ അനധികൃത വാതുവയ്പ്പ് നടത്തിയെന്നാണ് കേസ്. ബാറ്റ്ബിന്റൺ, ക്രിക്കറ്റ്, ഫുട്ബോൾ, ടെന്നീസ് മത്സരങ്ങളെ കേന്ദ്രീകരിച്ചാണ് വാതുവയ്പ്പ്. സൗരഭ് ചന്ദ്രകാർ, രവി ഉപ്പൽ എന്നിവരാണ് കമ്പനിയുടെ നടത്തിപ്പുകാർ. ഇവരെ പിടികൂടാനുള്ള ശ്രമത്തിലാണ് നിലവിൽ ഇഡി.















