ന്യൂഡൽഹി: കമ്യൂണിസ്റ്റ് ഭീകരവാദം മനുഷ്യരാശിക്ക് അപകടകരമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കമ്യൂണിസ്റ്റ് ഭീകരരരുടെ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ ഇല്ലാതാക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുളള സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ന്യൂഡൽഹിയിൽ കമ്യൂണിസ്റ്റ് ഭീകരവാദത്തെ ചെറുക്കുന്നതിനായുളള അവലോകനയോഗത്തിന് മുന്നോടിയായാണ് അദ്ദേഹത്തിന്റെ പ്രതികരണം.
കമ്യൂണിസ്റ്റ് ഭീകരവാദം രൂക്ഷമായ ബിഹാർ, ഒഡീഷ, മഹാരാഷ്‌ട്ര, തെലങ്കാന, മദ്ധ്യപ്രദേശ്, ഝാർഖണ്ഡ്, ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഡ്, പശ്ചിമ ബംഗാൾ, കേരളം എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരോ ആഭ്യന്തര മന്ത്രിമാരോ അല്ലെങ്കിൽ സംസ്ഥാന പ്രതിനിധികളോ അവലോകന യോഗത്തിൽ പങ്കെടുക്കും. കേന്ദ്ര ആഭ്യന്തര സെക്രട്ടറി, കേന്ദ്ര പോലീസ് സേനയിലെ ഉന്നത ഉദ്യോഗസ്ഥർ, കേന്ദ്ര-സംസ്ഥാന സർക്കാരുകളിലെ നിരവധി മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും യോഗത്തിന്റെ ഭാഗമാകും. കമ്യൂണിസ്റ്റ് ഭീകരവാദം രാജ്യത്ത് നിന്നും തുടച്ചുനീക്കുന്നതിനും ഭീകരരുടെ സാന്നിധ്യമുള്ള സംസ്ഥാനങ്ങളുടെ വികസനം സാധ്യമാക്കുന്നതിനുമുള്ള പ്രവർത്തനങ്ങളാണ് യോഗത്തിൽ ചർച്ചയാവുക.
കമ്യൂണിസ്റ്റ് ഭീകരവാദം ചെറുക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം 2015 മുതൽ ദേശീയ നയവും ആക്ഷൻ പദ്ധതിയും നടപ്പിലാക്കി വരുന്നുണ്ട്. സിഎപിഎഫ് ബറ്റാലിയനുകൾ, ഹെലികോപ്റ്ററുകൾ, യുഎവികൾ, ഇന്ത്യൻ റിസർവ് ബറ്റാലിയനുകൾ, സുരക്ഷാ ഉപകരണങ്ങൾ എന്നിവ നൽകി ആഭ്യന്തര മന്ത്രാലയം ഇവരുടെ ഭീകരവാദം ചെറുക്കുന്നതിനായി സംസ്ഥാന സർക്കാരുകളെ സഹായിക്കുന്നു. പോലീസ് സേനയുടെ നവീകരണത്തിനും പരിശീലനത്തിനുമായി ആധുനികവത്കരണം (എംപിഎഫ്), സെക്യൂരിറ്റി റിലേറ്റഡ് എക്‌സ്‌പെൻഡിച്ചർ (എസ്ആർഇ) പദ്ധതി, പ്രത്യേക ഇൻഫ്രാസ്ട്രക്ചർ പദ്ധതി (എസ്‌ഐഎസ്) എന്നിവയ്‌ക്ക് കീഴിൽ സംസ്ഥാനങ്ങൾക്ക് ഫണ്ട് നൽകുന്നു. സംസ്ഥാനങ്ങളുടെ വികസനത്തിനായി, പുതിയ റോഡുകൾ, പോസ്റ്റ് ഓഫീസുകൾ, ബാങ്കുകൾ, എടിഎമ്മുകൾ, ബാങ്കിംഗ് സേവനങ്ങൾ, ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്‌കൂളുകൾ (ഇഎംആർഎസ്) തുറക്കുന്നതിനും കേന്ദ്രസർക്കാർ പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്.















